ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി സച്ചിനില്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍  കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുന്‍പായി മുഴുവന്‍ ഓഹരികളും സച്ചിന്‍ വില്‍ക്കുമെന്നാണ് സൂചന.

2014 ല്‍ ഐ.എസ്.എല്‍ തുടങ്ങിയത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില്‍ തര്‍ക്കമില്ല.സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.

ടീമിന്‍റെ ഉടമസ്ഥാവകാശം മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. 2014ല്‍ ഐഎസ്എലിന്‍റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‍ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്.

2015ല്‍ പോട്ടലുരിയുടെ പിവിപി വെന്‍ച്വേഴ്സ് ബ്ലാസ്റ്റേഴ്സിന്‍റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്സിന്‍റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.

പിന്നീട് ദക്ഷിണേന്ത്യന്‍ സംഘം 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ ടീമിന്‍റെ പൂർണ ഉടമസ്ഥാവകാശമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഈമാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.

സച്ചിന്‍റെ സാന്നിധ്യം നഷ്ടമായെങ്കിലും ടീമിന് ഏറെ ഗുണകരമാകുന്ന മാറ്റമാണ് ഇതെന്ന വിലയിരുത്തലാണ് പൊതുവിലുണ്ടാകുന്നത്. മലയാളി ആയ ഒരു വ്യവസായി ടീം ഏറ്റെടുക്കുമ്പോള്‍ അതിന്‍റെ ഫലവും ഉത്തരവാദിത്വവും മാനേജ്മെന്‍റിന് ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

error: Content is protected !!