അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കുന്ന കാര്യം സർക്കാർ ഉറപ്പാക്കണമെന്നു ഹൈക്കോടതി. നിരോധനമല്ല, നിയന്ത്രണമാണു വേണ്ടത്. ഉചിതമായ സ്ഥലങ്ങളിൽ വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകുന്നതു പരിഗണിക്കാം. ഉത്തരവു നടപ്പാക്കുന്ന കാര്യം ചീഫ് സെക്രട്ടറി നിരീക്ഷിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുത്. കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുമ്പോൾ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് ഉറപ്പാക്കണം. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

error: Content is protected !!