ഐഎസ് റിക്രൂട്ട്മെന്‍റ്: അഫ്ഗാനില്‍ നിന്ന് തിരിച്ചയച്ച മലയാളി പിടിയില്‍
കാസര്‍കോട് ഐ.എസ് റിക്രൂട്ട്മെന്‍റ് കേസിലെ പ്രതികളിലൊരാളായ വയനാട് കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫര്‍ എന്‍ഐഎ പിടിയില്‍. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ഇയാളെ ദില്ലിയില്‍ വച്ചാണ് എന്‍ഐഎ പിടികൂടിയത്.
2015-ല്‍ കാസര്‍കോട് നടന്ന ഐഎസ് റിക്രൂട്ട്മെന്‍റ് ഗൂഡാലോചനയിലെ പ്രതികളില്‍ ഒരാളാണ് പിടിയിലായ നാഷിദുള്‍ ഹംസഫര്‍. 2017 ഒക്ടോബര്‍ 3നാണ് ഇയാള്‍ ഐസില്‍ ചേരാനായി ഇന്ത്യ വിട്ടത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് അഫ്ഗാന്‍ സുരക്ഷ ഏജന്‍സി ഇയാളെ കഴിഞ്ഞ് വര്‍ഷം പിടികൂടി.
ഇന്നലെ ഇന്ത്യയിലേക്ക് തിരിച്ചയച്ച ഇയാളെ ദില്ലിയില്‍ വച്ച് എന്‍ഐഎ പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിയുന്ന അബ്ദുള്‍ റാഷിദ് അബ്ദുല്ല , അഷ്ഫക് മജീദ് എന്നിവരുമായി ചേര്‍ന്നാണ് ഇയാള്‍ ഗൂഡാലോചന നടത്തിയത്. നാഷിദുള്‍ ഹംസഫറിനെ ദില്ലി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്ന് ഹാജരാക്കും.
തുടര്‍ന്ന് എറണാകുളം എന്‍ഐഎ കോടതിയല്‍ ഹാജരാക്കാനായി കൊച്ചിയിലേക്ക് കൊണ്ടു പോകും. 2016 മെയ് ജൂലൈ മാസത്തിനിടയ്ക്ക് 14 മലയാളികള്‍ കേരളത്തില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ഐസ് ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചിരുന്നു.