അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോഴ കേസ്: ക്രിസ്റ്റ്യന്‍ മിഷേല്‍ ഒളിവില്‍

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി വി ഐ പി ഹെലികോപ്റ്റര്‍ കോഴക്കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറണമെന്ന കോടതി ഉത്തരവ് യു എ ഇ നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍. മിഷേലിന്റെ പാസ്സ്പോര്‍ട്ട് യു എ ഇ തടഞ്ഞു വച്ചു. കോടതി ഉത്തരവിന് പിന്നാലെ മിഷേല്‍ ഒളിവില്‍ പോയതായാണ് വിവരം.

കോഴ ഇടപാടില്‍ മുഖ്യ പ്രതിയായ  ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടു തരണം എന്നാവശ്യപ്പെട്ടു സി ബി ഐ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് യു എ ഇ അധികൃതരെ സമീപിച്ചത്.

യു എ ഇ അധികൃതര്‍ മിഷേലിനെ അറസ്റ്റു ചെയ്തെങ്കിലും കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ യു എ ഇക്ക് കൈമാറാന്‍ സി ബി ഐ കാലതാമസം എടുത്തതിനെ തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ആവശ്യമായ രേഖകള്‍ ലഭിച്ചതോടെ യു കെ പൌരനായ  മിഷേലിനെ , മൂന്നാമതൊരു രാജ്യമായ ഇന്ത്യക്ക് കൈമാറുന്നതിലെ നിയമവശങ്ങളില്‍ കോടതിയോട് അഭിപ്രായം തേടിയിരുന്നു.

കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനായി ഇന്ത്യയും – യു എ ഇയും തമ്മിലുള്ള ഉടമ്പടിയനുസരിച്ച്മി ഷേലിനെ ഇന്ത്യക്ക് കൈമാറമെന്നാണ് കോടതി ഉത്തരവ്. ഐസ അല്‍ ഷരിഫ് അധ്യക്ഷനായ  ദുബായി അപ്പീല്‍ കോടതി ഈ മാസം രണ്ടിനാണ് ഉത്തരവിട്ടത്.

എന്നാല്‍ യു എ ഇ നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ മിഷേലിനെ ഇന്ത്യക്ക് കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. മന്ത്രാലയം ഇക്കാര്യം പരിഗണിച്ചു വരികയാണെന്നാണ് സൂചന.അതേസമയം ഇക്കാര്യം ഇതുവരെയും ഔദ്യോഗികമായി അറിയിചില്ലെന്നാണ് സി ബി ഐ യുടെ പ്രതികരണം.

കോടതി ഉത്തരവിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മിഷേല്‍ നീക്കങ്ങള്‍ ആരംഭിച്ചതായി അഭിഭാഷകന്‍ അറിയിച്ചു.

 

 

error: Content is protected !!