ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 19ന് കേരളത്തിലെത്തുമെന്ന് ജലന്ധർ പൊലീസ് അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം രണ്ട് ദിവസത്തിനകം യോഗം ചേര്‍ന്ന് ചോദ്യാവലിയുടെ അന്തിമരൂപം തയ്യാറാക്കും. കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

അതേസമയം, കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആലോചിക്കുന്നുവെന്നാണ് സൂചന. ബിഷപ്പുമായി ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ കൊച്ചിയിലെയും ജലന്ധറിലെയും അഭിഭാഷകരുമായി കൂടിയാലോചന നടത്തി. മുൻകൂർ ജാമ്യം തേടാതെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്നത് അപകടമാണെന്നാണ് ബിഷപ്പിന് കിട്ടിയ നിയമോപദേശം. വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിനായി വൈക്കം ഡിവൈ എസ് പി ഓഫീസിൽ ഹാജരാകാനാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകിയത്. പറ‍ഞ്ഞ സമയത്തുതന്നെ ഹാജരാകുമെന്നും തന്നെ അറസ്റ്റു ചെയ്യില്ലെന്നുമായിരുന്നു അടുപ്പക്കാരോട് ബിഷപ് പറഞ്ഞിരുന്നത്. എന്നാൽ ബിഷപ്പുമായും ജലന്ധർ രൂപതുമായും ബന്ധപ്പെട്ട ചിലരാണ് കൊച്ചിയിലെയും ജലന്ധറിലെയും മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരു മുഴം മുമ്പേയെറിയാതെ ചോദ്യം ചെയ്യലിന് പോകരുതെന്നാണ് ഇവർ നൽകിയ നിയമോപദേശം. ഇപ്പോഴത്തെ നിലയിൽ ചോദ്യം ചെയ്യലിനായെത്തുന്ന ബിഷപ്പിനെ അറസ്റ്റുചെയ്യാതെ വിട്ടയച്ചാൽ അത് പൊലീസിനും സർക്കാരിനും സമ്മർദ്ദമുണ്ടാക്കും. പ്രത്യേകിച്ചും ഹൈക്കോടതിക്കുമുന്നിൽ കന്യാസ്ത്രീകൾ സമരം തുടരുന്ന പശ്ചാത്തലത്തിൽ. അതുകൊണ്ടുതന്നെ കാര്യങ്ങൾ മുൻകൂട്ടി കാണണമെന്നാണ് അഭിഭാഷകർ നൽകിയ നിയമോപദേശം. മൂന്ന് പോംവഴികളാണ് ഇതിനായി നിർദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുക എന്നതാണ് ആദ്യത്തെ വഴി. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റുചെയ്യാൻ നിയമതടസമില്ലെങ്കിലും പൊലീസ് ഒന്നു മടിക്കും.

മുൻകൂ‍ർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ അറസ്റ്റുപാടില്ലെന്ന് കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവോ വാക്കാൽ പരാമർശമോ നേടിയെടുക്കുക. അതിനുശേഷം ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുക എന്നതാണ് രണ്ടാമത്തെ സാധ്യത. മുൻകൂർ ജാമ്യാപേക്ഷിയിൽ തീരുമാനമാശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇപ്പോഴത്തെ നോട്ടീസിന് മറുപടി നൽകുക എന്നതാണ് മൂന്നാമത്തെ പോംവഴി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നാൽ അത് കൂടുതൽ സംശയങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇടനൽകുമെന്നും കരുതുന്നു. അതുകൊണ്ടുതന്നെ കരുതലോടെയാണ് ബിഷപ്പിന്‍റെ നീക്കങ്ങൾ.

error: Content is protected !!