ജെ.എന്‍.യുവില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം

ജെ.എന്‍.യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് തകര്‍പ്പന്‍ ജയം. എ.ബി.വി.പിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളിലും ഇടതുസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എബിവിപി നേരിയ മുന്നേറ്റം നടത്തിയെങ്കിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് ഇവര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. എബിവിപി ജെഎൻയു സർവകലാശാലാ യൂണിയൻ തെര‌ഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി. ഫലപ്രഖ്യാപനം ഉച്ചക്ക് ശേഷം നടക്കും.

ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എ.ഐ.എസ്.എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്.എഫ്.ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിച്ചത്.

മിക്ക ഡിപ്പാർട്ട്മെന്‍റ് പ്രതിനിധി സ്ഥാനങ്ങളും എബിവിപിക്ക് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പ്രസിഡന്‍ഷ്യൽ ഡിബേറ്റ് സമയത്തും എബിവിപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ഇടത് സഖ്യം ആരോപിച്ചു. എബിവിപിയുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ വോട്ടെണ്ണൽ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പരാജയം മണത്തതോടെ വീണ്ടും വോട്ടെടുപ്പ് നടത്തണം എന്നായിരുന്നു എബിവിപിയുടെ ആവശ്യം. എബിവിപി പ്രവർത്തകർ വോട്ടെണ്ണൽ തടയാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോയും ഇന്നലെ കാന്പസിൽ നിന്ന് പുറത്തുവന്നിരുന്നു. എബിവിപി പ്രതിനിധിയെ അറിയിക്കാതെ വോട്ടെണ്ണൽ തുടങ്ങി എന്നായിരുന്നു ആരോപണം. സ്കൂൾ ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്സുകൾ പിടിച്ചെടുക്കാൻ എബിവിപി ശ്രമിച്ചതായും ഇടത് സഖ്യം ആരോപിക്കുന്നു.

അതേസമയം തങ്ങളുടെ പ്രതിനിധിയെ അറിയിക്കാതെ വോട്ടെണ്ണൽ തുടങ്ങിയതിൽ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് എബിവിപിയുടെ വിശദീകരണം. കൗണ്ടിഗ് ഏജന്‍റിനെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് അയക്കണം എന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മിറ്റി നേരത്തേ തന്നെ അനൗൺസ്മെന്‍റ് നടത്തിയെങ്കിലും പരാജയഭീതിയിൽ ഏജന്‍റിനെ അയക്കാതെ എബിവിപി സംഘർഷത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് ഇടത് വിദ്യാർത്ഥി സഖ്യം നേതാക്കൾ പറഞ്ഞു. സംഘർഷത്തെ തുടർന്ന് നിർത്തിവച്ച വോട്ടെണ്ണൽ ഇന്ന് രാവിലെ വീണ്ടും തുടങ്ങുകയായിരുന്നു.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസി‍ഡന്‍റായിരുന്ന കനയ്യ കുമാർ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളായിരുന്ന അനിർബൻ ഭട്ടാചാര്യ, ഉമർ ഖാലിദ് എന്നിവരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് മുതൽ ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം മുന്‍പെങ്ങുമില്ലാത്ത വിധം ദേശീയ ശ്രദ്ധ നേടിയിരുന്നു. 2017 ഒക്ടോബറിൽ എബിവിപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് കാണാതായ അനീബ് എന്ന വിദ്യാർത്ഥിയുടെ തിരോധാനം അടക്കമുള്ള വിഷയങ്ങൾ ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസംഖ്യം ഉയർത്തിയിരുന്നു. വൈസ് ചാൻസിലർ കുമാറിന്‍റെ നേതൃത്വത്തിലുള്ള സർവകലാശാലാ ഭരണ നേതൃത്വവുമായി അക്കാദമിക്, ഭരണകാര്യ, വിദ്യാർത്ഥിക്ഷേമ വിഷയങ്ങളിൽ നിരന്തര സംഘർഷത്തിലാണ് ഇടത് വിദ്യാർത്ഥി സഖ്യം. ഏതായാലും വൻവിജയം ഉറപ്പിച്ചതോടെ ഇടത് സംഖ്യം കാമ്പസിനുള്ളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

error: Content is protected !!