കന്യാസ്ത്രീകളെ തെരുവിലിറക്കിയത് സര്‍ക്കാര്‍: രമേശ് ചെന്നിത്തല

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കന്യാസ്ത്രീകളെ തെരുവിലിറക്കിയത് സര്‍ക്കാരാണെന്നും അദ്ദേഹം പറ‍ഞ്ഞു. ഇന്നയാള്‍ പ്രതിയാണെന്ന് പറയാന്‍ തനിക്കാവില്ലെന്നും, അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങളെ നിജസ്ഥിതി അറിയിക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

അതേസമയം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യും. നേരത്തെ അറിയിച്ചത് പ്രകാരം കൃത്യം 11 മണിയോടെ ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരായി. മാധ്യമങ്ങള്‍ക്കും കൂടി നിന്ന ജനങ്ങള്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലീസ് സംഘം ചോദ്യം ചെയ്യലിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചേരും. ബിഷപ്പിന് പറയാനുള്ളത് കേട്ട ശേഷം പൊരുത്തക്കേടുകള്‍ തിരുത്താനുള്ള രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ആരംഭിക്കും. തൃപ്പുണ്ണിത്തുറയിലെ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

error: Content is protected !!