ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ അല്‍പ്പസമയത്തിനകം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. രാവിലെ 11ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ബിഷപ് എത്തിയത്. മാധ്യമങ്ങള്‍ക്കും കൂടി നിന്ന ജനങ്ങള്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിർദേശം. ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാകും ചോദ്യംചെയ്യൽ. വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഉടൻതന്നെ ചോദ്യം ചെയ്യൽ ആരംഭിക്കും.

അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലീസ് സംഘം ചോദ്യം ചെയ്യലിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചേരും. ബിഷപ്പിന് പറയാനുള്ളത് കേട്ട ശേഷം പൊരുത്തക്കേടുകള്‍ തിരുത്താനുള്ള രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ആരംഭിക്കും. തൃപ്പുണ്ണിത്തുറയിലെ കേന്ദ്രത്തിലാണ്  ചോദ്യം ചെയ്യല്‍ നടക്കുന്നത്.

കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘവും കോട്ടയം എസ് പിയും ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.  ചോദ്യം ചെയ്യലിനായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുറിയിൽ അ‍ഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂ‍‍ർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് തയ്യാറെടുപ്പുകളെന്നാണ് പൊലീസ് വിശദമാക്കുന്നത്.

error: Content is protected !!