പി കെ ശശിക്കെതിരായ പീഡന പരാതി : പ്രശ്നം ഒത്തുതീർക്കാൻ നീക്കം

പി കെ ശശി എംഎൽഎയ്‌ക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ സംഘടനാ നടപടിയെടുത്ത് പ്രശ്നം ഒത്തുതീർക്കാൻ നീക്കം. യുവതി പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രശ്നം അവസാനിപ്പിക്കാനാണ് സി.പി.എം ശ്രമമെന്ന് ആരോപണമുയർന്നു.

പി കെ ശശിയ്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കുന്നതിനായി സി പി എം നിയോഗിച്ച കമ്മീഷൻ കഴിഞ്ഞ ദിവസമാണ് യുവതിയിൽ നിന്നും മൊഴിയെടുത്തത്. പരാതിയിൽ യുവതി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും പ്രശ്നത്തിൽ പൊലീസിനെ സമീപിക്കാൻ ഇപ്പോൾ താല്പര്യമില്ലെന്ന് അറിയിച്ചതായാണ് സൂചന. ഇതോടെയാണ് പി കെ ശശിയ്ക്കെതിരെ സംഘടനാ നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കം സജീവമായത്.

പ്രശ്നത്തിൽ ഒത്തുതീർപ്പ് ശ്രമം നടത്താനെത്തിയവരെക്കുറിച്ചും പണം വാഗ്ദാനം നൽകിയവരെക്കുറിച്ചും യുവതി കമ്മീഷന് വിവരങ്ങൾ നൽകിയിട്ടുണ്ട്. തനിക്കെതിരെ ചിലർ കുപ്രചരണം നടത്തുന്നതായും യുവതി ആരോപിയ്ക്കുന്നു. ഇവർക്കെതിരെ നടപടി വേണമെന്നും യുവതി ആവശ്യമുന്നയിച്ചതായാണ് സൂചന.

ലൈംഗിക പീഡന പരാതിയിൽ നടപടിയെടുത്താൽ ശശിയെ എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിയ്ക്കുന്നത് ഉചിതമാവില്ലെന്ന് പാർട്ടിയ്ക്കുള്ളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ പൊലീസിലോ, സർക്കാരിന്റെ വേറെ ഏതെങ്കിലും ഏജൻസിയുടെ മുൻപിലോ ഇലാത്ത പരാതിയുടെ പേരിൽ എം എൽ എ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ശരിയല്ലെന്നാണ് ശശിയെ അനുകൂലിയ്ക്കുന്നവർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം പാർട്ടിക്ക് നേതൃത്വത്തിന് മാത്രമായി ലഭിച്ച പരാതിയുടെ വിവരങ്ങൾ പുറത്ത് വിട്ടവർക്കെതിരെ നടപടി വേണമെന്നും ശശി അനുകൂലികൾ ആവശ്യപ്പെടുന്നുണ്ട്

error: Content is protected !!