പരിയാരത്തെ വീട്ടില്‍ നിന്നും പിടികൂടിയത് ബ്രൗണ്‍ഷുഗര്‍

കണ്ണൂര്‍ :  പരിയാരം വായാട്ടെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം  പിടികൂടിയ ലഹരിവസ്തു അന്താരാഷ്ട്രമാർക്കറ്റിൽ വൻവിലയുള്ള ബ്രൗൺഷുഗർ. മയക്കുമരുന്ന് കേസിൽ നാല് വർഷം ജയിൽശിക്ഷ അനുഭവിച്ചയാളും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയുമായ വായാട്ടെ കീരന്റകത്ത് ഹൗസിൽ കെ നവാസി (36) ന്റെ വീട്ടിൽ നിന്നാണ‌് രണ്ടരഗ്രാം ബ്രൗൺഷുഗർ പരിയാരം പ്രിൻസിപ്പൽ എസ്ഐ വി ആർ വിനീഷ് പിടികൂടിയത്.
പക്ഷേ പിടിച്ചെടുത്ത ലഹരിവസ്തു  ജാമ്യപരിധിയായ അഞ്ചുഗ്രാമിൽ കുറവായതിനാൽ പ്രതികൾക്ക് ജാമ്യം നൽകാൻ പൊലിസ് നിർബന്ധിതരായി. നവാസിനെ കൂടാതെ പള്ളിക്കുളം സ്വദേശികളായ  കണിയാങ്കണ്ടി ഹൗസിൽ കെ സി പ്രസിന്ത് (21), എം പി വൈഷ്ണവ് (20) പൊടിക്കുണ്ടിലെ കെ രാഹുൽ (20) എന്നിവരെയും അറസ്റ്റ് ചെയ്തതിരുന്നു. ബ്രൗൺഷുഗർ, ഇത് ചൂടാക്കാൻ ഉപയോഗിച്ച പാത്രങ്ങൾ, സിറിഞ്ചുകൾ എന്നിവയും നവാസിന്റെ  വീട്ടിൽനിന്ന് പിടിച്ചെടുത്തു. സംഘമെത്തിയ  ബൈക്കുകളും   കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നു വിശദമായ പരിശോധനയ‌്ക്ക‌് കണ്ണൂരിലെ റിജണൽ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. നവാസിന്റെ നേതൃത്വത്തിൽ മുംബൈയിൽനിന്ന് കൊണ്ടുവന്ന ബ്രൗൺഷുഗർ ചെറിയ പൊതികളാക്കി 250 രൂപ നിരക്കിൽ ക്യാമ്പസുകളിൽ വിൽക്കുകയാണ് പതിവ്. സ‌്കൂൾ, കോളജ് വിദ്യാർഥികളാണ് പ്രധാന ഇടപാടുകാർ. നവാസിന്റെ വീട്ടിൽനിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയവരാണ‌് പിടിയിലായ മൂന്നുപേർ.

 

error: Content is protected !!