മുഖം മിനുക്കാനൊരുങ്ങി പരിയാരം മെഡിക്കൽ കോളേജ്

കണ്ണൂര്‍ :  പരിയാരം മെഡിക്കൽ കോളേജും പരിസരവും സൗന്ദര്യവൽക്കരിക്കുന്നു.  രാജ്യത്തെ മാതൃകാ ക്യാമ്പസും ആതുരാലയവുമാക്കി പരിയാരത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് സൗന്ദര്യവൽക്കരണം ഏറ്റെടുക്കാൻ തീരുമാനിച്ചത്. നാശോന്മുഖമായ പാർക്ക് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി  നവീകരിക്കും. ഒരുകോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജും പരിസരവും സൗന്ദര്യവൽക്കരിക്കുന്നത്.

ഒരു കോടി ലിറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷിയോടെ 14 വർഷം മുമ്പ് നിർമിച്ച മഴവെള്ള സംഭരണിയോട് ചേർന്നാണ് 50 ലക്ഷം രൂപ ചെലവിൽ അന്ന് പാർക്ക് ഒരുക്കിയത്. തുടർന്ന്  പരിചരണമില്ലാതെ പാർക്ക് നശിച്ചു.  തുടർന്ന് പാർക്കിന്റെ കവാടം അടച്ചുപൂട്ടുകയായിരുന്നു.സർക്കാർ നിയന്ത്രണത്തിലുള്ള ബേക്കൽ റിസോർട്ട്സ് വികസന കോർപറേഷനാ (ബിആർഡിസി)ണ് നവികരണച്ചുമതല.

മെഡിക്കൽ കോളേജ് പരിസരം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, കഫ്റ്റേരിയ എന്നിവയ്ക്കൊപ്പം ഉപേക്ഷിച്ച മഴവെള്ളസംഭരണിയുടെ സംരക്ഷണവും ബിആർഡിസി ഏറ്റെടുത്തേക്കും. സൗന്ദര്യവൽക്കരണം സംബന്ധിച്ച സ്ഥലപരിശോധനക്കും ചർച്ചകൾക്കുമായി ബിആർഡിസി വിദഗ്ധസംഘം അടുത്ത ദിവസം മെഡിക്കൽ കോളേജ് സന്ദർശിക്കും.  വിദഗ്ധസംഘം രൂപം നൽകുന്ന വിശദമായ പദ്ധതി പിഎംസി ഭരണസമിതിയുടെയും ഗവൺമെന്റിന്റെയും അനുമതിയോടെ നടപ്പാക്കും.

error: Content is protected !!