പമ്പ-നിലക്കൽ കെഎസ്ആർടിസി റൂട്ടിൽ വർദ്ധിപ്പിച്ച നിരക്ക് കോടതി വിധി വരുന്നത് വരെ കുറയ്ക്കില്ലെന്ന് മന്ത്രി

പമ്പ-നിലക്കൽ കെഎസ്ആർടിസി റൂട്ടിൽ വർദ്ധിപ്പിച്ച നിരക്ക് കോടതി വിധി വരുന്നത് വരെ കുറയ്ക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. നിരക്ക് വർദ്ധിപ്പിച്ചതിൽ തെറ്റില്ല. നടപ്പാക്കിയതിൽ പിഴവ് സംഭവിച്ചു. സർക്കാർ ഉത്തരവിന് വിരുദ്ധമായി കന്നിമാസ പൂജയ്ക്ക് ഉത്സവകാല ചാർജ് ഇടാക്കിയതിൽ അപാകത ഉണ്ടായെന്നും ന്യൂസ് 18 വാർത്ത ശരിവെച്ച് മന്ത്രി പറഞ്ഞു.

കന്നിമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോൾ, പമ്പ-നിലയ്ക്കൽ റൂട്ടിൽ 40 രൂപ യാണ് കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഈടാക്കിയത്. അധിക നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഗതാഗതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. നിരക്ക് വർദ്ധനവ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഈ മാസം 21 വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല.

സർക്കാർ ഉത്തരവ് പ്രകാരം ഉത്സവ സീസൺ നിരക്ക് ശബരിമലയിൽ, മണ്ഡലകാലത്തും, മകരവിളക്ക് സമയത്തും മാത്രമെ ഈടാക്കാനാകു. ഇപ്പോൾ ഈ നിരക്ക് ഈടാക്കിയതിൽ അപാകത സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ടിക്കറ്റ് മെഷീന്റെ തകരാറുമൂലവും ചില പ്രശ്നങ്ങൾ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.കെഎസ്ആർടിസിയും ദേവസ്വം ബോർഡും തമ്മിൽ തർക്കത്തിനില്ലെന്നും, ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

error: Content is protected !!