പാല്‍ചുരം റോഡ് തിങ്കളാഴ്ച ഗതാഗതത്തിന് തുറക്കും

കണ്ണൂര്‍ : ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന പാല്‍ചുരം റോഡ് തിങ്കളാഴ്ച  (സപ്തംബര്‍ 17) മുതല്‍ താല്‍ക്കാലികമായി ഗതാഗത യോഗ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് വടകര ചുരം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോവാം. റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടപ്പിലായാല്‍ മാത്രമേ 15 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് പോകാനാവൂ.

അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരെയുള്ള 6.27 കിലോമീറ്റര്‍ വരുന്ന പാല്‍ചുരംറോഡില്‍ വനമേഖലയായ മൂന്നര കിലോമീറ്ററിലേറെ റോഡ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. അഞ്ച് ഹെയര്‍പിന്‍ വളവുകളും ഇവിടെയുണ്ട്. ചില ഭാഗങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോവുകയും ചിലയിടങ്ങളില്‍ പാര്‍ശ്വഭിത്തി തകര്‍ന്നതും കാരണം റോഡ് അപകടാവസ്ഥയിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.

റോഡ് പൂര്‍ണമായും ഒഴുകിപ്പോയ 50 മീറ്റര്‍ പ്രദേശത്ത് കോണ്‍ക്രീറ്റ് ചെയ്തശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്.  മണ്ണ് മൂടിയ ഭാഗങ്ങളിലെ മണ്ണ് നീക്കിയും പാര്‍ശ്വഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍ അവ പുനര്‍നിര്‍മിച്ചും റോഡ് ഏറെക്കുറെ ഗതാഗതയോഗ്യമാക്കാനായതായി അദ്ദേഹം അറിയിച്ചു.

പാര്‍ശ്വഭിത്തി വലിയ തോതില്‍ തകര്‍ന്ന ചിലയിടങ്ങളില്‍ ഒരു സമയത്ത് ഒരു ഭാഗത്തേക്ക് മാത്രമേ വാഹനങ്ങള്‍ക്ക് പോകാനാവൂ. ഇതുമായി ബന്ധപ്പെട്ട കൃത്യമായ അടയാള ബോര്‍ഡുകള്‍ അതത് ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ പാലിച്ചുമാത്രമേ വാഹനങ്ങള്‍ പോകാവൂ എന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!