പൊതുസ്ഥലങ്ങളിലെ മദ്യപാനം : ശക്തമായ നടപടി വേണമെന്ന് ജനകീയ സമിതി

കണ്ണൂര്‍ :  ജില്ലയില്‍ പൊതുസ്ഥലങ്ങളിലെ മദ്യപാനം വ്യാപകമാവുന്നതായും അതിനെതിരെ എക്‌സൈസ് വകുപ്പ് നിരന്തരമായ പരിശോധന അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാതല ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ പല ഭാഗത്തും പരസ്യ മദ്യപാനം നടക്കുന്നതായി ഭൂരിപക്ഷം അംഗങ്ങളും ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ കുട്ടികള്‍ നടക്കുന്ന വഴിയരികില്‍ പോലും പരസ്യമായി മദ്യപാനം നടക്കുന്നു. ഒഴിഞ്ഞ പറമ്പുകളും കട വരാന്തകളും കലുങ്കുകളും പാലങ്ങളുടെ അടിയിലും ബീച്ചുകളിലും മറ്റും മദ്യപര്‍ താവളം കണ്ടെത്തുകയാണ്. ജനങ്ങളുടെ സൈ്വരം തകര്‍ക്കുന്ന പരസ്യ മദ്യപാന വിപത്തിനെതിരെ എക്‌സൈസ് വകുപ്പ് കര്‍ശനമായ പരിശോധന നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എക്‌സൈസിന്റെ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.

യോഗത്തില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ലിസി, സമിതി അംഗങ്ങളായ വയക്കാടി ബാലകൃഷ്ണന്‍ (സി.പി.എം), പി.ടി. സുഗുണന്‍ (കോണ്‍ഗ്രസ്), ആര്‍.കെ. ഗിരിധരന്‍ (ബി.ജെ.പി), എക്‌സൈസ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!