മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വാന്തന സംഗീതവുമായി കലാകാരന്മാര്‍

കണ്ണൂര്‍ : കേരളം സമാനതകളില്ലാത്ത പ്രളയ ദുരിതത്തില്‍പെട്ടുഴലുമ്പോള്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും സഹായ ഹസ്തങ്ങള്‍ ഉയരുകയാണ്. തങ്ങളാല്‍ കഴിയാവുന്ന സഹായം നല്‍കി മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നവകേരള നിര്‍മ്മാണത്തിനായി കേരള ജനത ഒരറ്റ മനസോടെ ഒന്നിക്കുന്ന കാഴ്ചയാണ് എവിടെയും കാണാനാവുന്നത്. ദുരിത ബാധിതരെ സഹായിക്കാന്‍ കണ്ണൂരിലെ സംഗീത കലാകാരന്മാര്‍ സ്വാന്തന സംഗീതവുമായി എത്തുകയാണ്.

നാളെ മുതല്‍ 29 വരെ നാല് ദിവസം കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ മ്യുസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സാന്ത്വന സംഗീതം അവതരിപ്പിക്കും. ദയ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത രത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍, തളിപറമ്പ് ,പഴയങ്ങാടി ,മാട്ടൂല്‍ ,മട്ടന്നൂര്‍ ,കണ്ണൂര്‍ ടൌണ്‍ എന്നിവിടങ്ങളിലാണ്‌ ദുരിതാശ്വാസ നിധിയിലേക്ക് ധന ശേഖരണത്തിനായി MWA സംഘം സംഗീത പരിപാടി നടത്തുക.

പരിപാടിയില്‍ നിന്ന് ലഭിക്കുന്ന തുകയും ,അംഗങ്ങള്‍ സമാഹരിച്ച തുകയും ചേര്‍ത്ത് 29ന് കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ കലക്റ്റര്‍ മിര്‍ മുഹമ്മദലിക്ക് കൈമാറും. പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആഘോഷങ്ങളും മറ്റും ഇല്ലാതായതോടെ നിരവധി കലാകാരന്‍മാരുടെ ഉപജീവന മാര്‍ഗം തന്നെ ഇല്ലാതായി. ഈ അവസ്ഥയിലും കേരളത്തിലെ ദുരിത ബാധിതരുടെ കണ്ണീരോപ്പാന്‍ സംഗീതത്തിന്‍റെ സ്വാന്തനം പകരുകയാണ് മ്യുസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍.

error: Content is protected !!