മുഴപ്പിലങ്ങാട് പള്ളിമഖാം കത്തിച്ചത് മനോരോഗി; അറസ്റ്റിനായി പോലിസ് കോടതിയെ സമീപിച്ചു

മുഴപ്പിലങ്ങാട് കൂടക്കടവിലെ സിതിന്റെ പള്ളിയോടനുബന്ധിച്ചുള്ള ദർഗ്ഗ കത്തിച്ച സംഭവം. സംഭവം നടന്ന ദിവസം സംശയാസ്പദ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത മനോരോഗിയാണെന്ന് അന്വേഷണ സംഘം. ആറളം സ്വദേശിയായ ഇയാളിപ്പോൾ കോഴിക്കോട്ടെ കുതിരവട്ടം മനസികാരോഗ്യ കേന്ദ്രത്തിലാണുള്ളത്. മഖാം കത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി വിവരമുണ്ട്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 29 ന് ബുധനാഴ്ച രാവിലെയാണ് ദർഗ്ഗയിലെ ആയിരാ സി മഖ്ബറ ദുരൂഹ സാഹചര്യത്തിൽ കത്തിയിരുന്നത്. സമീപത്തെ മദ്രസ്സയിലേക്ക് പോവുകയായിരുന്ന കുട്ടികളാണ് മഖ്ബറ കത്തി പുക പടരുന്നത് ആദ്യം കണ്ടത്. പള്ളിക്കമ്മിറ്റി ഭാരവാഹികൾ സ്ഥലത്തെത്തുമ്പോൾ പട്ടിന്റെ വിരി, മര ഉരുപ്പടികൾ, എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ എടക്കാട് പോലീസും ഫോറൻസിക് സംഘവും നടത്തിയ അന്വേഷണത്തിൽ സ്ഥലത്ത് നിന്നും ജനയുഗം പത്രത്തിന്റെ മൂന്ന് കോപ്പികൾ കണ്ടെത്തി. പള്ളിയിലും പരിസരത്തും സ്ഥിരമായി വിതരണത്തിനെത്താത്ത പത്രം സംഭവ ദിവസം മഖാമിനടുത്ത് കാണപ്പെട്ടതിനെ സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.

ധർമ്മടം റെയിൽവെ സ്റ്റേഷൻ പരിസരത്ത് വിതരണം ചെയ്യേണ്ടിയിരുന്ന പത്രക്കെട്ടിൽ നിന്നും 23 ഓളം കോപ്പികൾ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. അതേ ദിവസം ഇതിനടുത്തുള്ള ഒരു വീട്ടിൽ എത്തിയ മനോരോഗിയെന്ന് തോന്നിക്കുന്ന ഒരാൾ വീട്ടുകാരുമായി വഴക്കിട്ട് ഇവിടെയുള്ള ഒരു പ്രധാന വസ്തുതീയിട്ടതായും അറിവ് കിട്ടി. കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് ഇപ്പോൾ മനോരോഗാശുപത്രിയിലുള്ള ആറളക്കാരനെ അറസ്റ്റ് ചെയ്യാൻ എടക്കാട് പോലിസ് തലശ്ശേരി എ.സി.ജെ.എം.കോടതിയെ സമീപിച്ചത്. പോലീസിന്റെ അപേക്ഷയെ തുടർന്ന് കുറ്റാരോപിതന്റെ നിലവിലുള്ള ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി അധികൃതരിൽ നിന്നും കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭർഗ്ഗ കത്തിയ ദിവസം രാവിലെ മുഴപ്പിലങ്ങാട് ടോൾ ബൂത്തിനടുത്ത് റോഡരികിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ച് തീയാളുന്നത് നോക്കി നിൽകുന്നതിനിടയിലാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. പത്രക്കെട്ടുകൾ കത്തിക്കലും ഇയാളുടെ പതിവാണ്.  പരസ്പര വിരുദ്ധമായി സംസാരിക്കുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പികുകയും ചെയ്തതിനാല്‍ ഇയാളെ കോടതിയുടെ നിർദ്ദേശ പ്രകാരം മനോരോഗാശുപത്രിയിലേക്കയച്ചു.

error: Content is protected !!