മുത്തലാഖ് ക്രിമിനല്‍ കുറ്റം: കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കി

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. ഡിസംബറിൽ ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലിൽ (ദ് മുസ്‌ലിം വിമൻ പ്രൊട്ടക്‌ഷൻ ഓഫ് റൈറ്റ്സ് ഇൻ മാര്യേജ് ആക്ട്) ഉള്ള വ്യവസ്ഥകളാണ് ഓർഡിനൻസിലുള്ളത്. ബിൽ രാജ്യസഭയിൽ പാസാക്കാനായില്ല. ഇതേത്തുടർന്നാണ് ഓർഡിനൻസ് ഇറക്കിയത്.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന  മുത്തലാഖ് ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ശുപാര്‍ശ രാഷ്ട്രപതിയുടെ മുമ്പില്‍ വയ്ക്കാനാണ് നീക്കം. ലോകസഭയില്‍ നേരത്തെ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ബില്ല് ഒഴിവാക്കി ഓർഡിനൻസ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആരെങ്കിലും നല്‍കുന്ന പാരാതിയില്‍ അറസ്റ്റ് നടപടി സാധ്യമാകുമെന്നതായിരുന്നു മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആരോപണം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഇത് തിരുത്തി കേസെടുക്കാന്‍ മുത്തലാഖ് ചൊല്ലുന്ന സ്ത്രീയോ രക്തബന്ധമുള്ളവരോ പരാതി നല്‍കണം എന്ന വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ലോകസഭ പാസാക്കിയ മുസ്ലിം വനിതാവകാശ ബില്ലിലെ വ്യവസ്ഥകളെല്ലാം ഓര്‍ഡിനന്‍സില്‍ ചേര്‍ത്തിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍  ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

error: Content is protected !!