അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടോ എന്ന്‍ പരിശോധിക്കണം; മാധവ് ഗാഡ്ഗിൽ

അണക്കെട്ടുകൾ കൂട്ടത്തോടെ തുറന്നു വിട്ടതിൽ വീഴ്ച സംഭവിച്ചോ എന്നതിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് മാധവ് ഗാഡ്ഗിൽ. മൺസൂൺ പകുതിയായപ്പോഴേക്കും ഡാമുകൾ നിറച്ചതിന്റെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഡാം മാനേജ്മെന്റിൽ പാളിച്ചകളുണ്ടായോ എന്ന് വിശദമായി പഠിക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രവചനങ്ങൾ കൂടുതൽ സുതാര്യമായി പൊതുജനങ്ങൾ ലഭ്യമാക്കണമെന്നും മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് കേരളത്തിന്റെ പുനര്‍നിര്‍മാണമെന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മാധവ് ഗാഡ്ഗില്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തണം. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ പാടില്ല.

വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ എടുത്ത നടപ്പാക്കുന്ന സ്ഥിരം രീതിക്ക് മാറ്റം വരുത്തണം. വികസന പദ്ധതികള്‍ക്ക് പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തണം. അങ്ങനെ വന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!