സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വൈദ്യുത ഉത്പാദനത്തിലും ലഭ്യതയിലും കുറവ് വന്നതിനാല്‍  ചില ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രപൂളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ് വരികയും സംസ്ഥാനത്തെ വിവിധ ജലവൈദ്യുതപദ്ധതികളില്‍  ഉത്പാദനം മുടങ്ങുകയോ കുറയുകയോ ചെയ്ത സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടി വരുന്നതെന്ന് കെഎസ്ഇബി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിൽ താൽച്ചറിൽ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവർപെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്. ഇങ്ങനെ വിവിധ കാരണങ്ങളാല്‍ 700 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിലുള്ളത്.

തകരാറിലായ വൈദ്യുതിനിലയങ്ങളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. കുറവുള്ള വൈദ്യുതി കമ്പോളത്തിൽ നിന്നും വാങ്ങി പരിഹരിക്കാൻ എല്ലാ വിധ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സന്ധ്യാ സമയങ്ങളിലെ ആവശ്യകതക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

error: Content is protected !!