ശബരിമല വിധി: സ്ത്രീ വിവേചനം അവസാനിപ്പിക്കുമെന്ന് കോടിയേരി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീ വിവേചനം അവസാനിപ്പിക്കാന്‍ കഴിയുന്ന വിധിയാണെന്നും ഇടത് പക്ഷം എന്നും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ഫെയിസ് ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ഫെയിസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

സ്ത്രീ വിവേചനം എല്ലാ മേഖലയില്‍ നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചത്. സ്ത്രികളെ വിവേചനത്തോടെ കാണുന്നതും, വിവിധ മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായ സമീപനത്തിനെതിരായ ശ്രദ്ധേയമായ വിധിന്യായമാണ് സുപ്രീം കോടതിയുടേത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് സുപ്രീ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ഇതില്‍ എല്‍ ഡി എഫിന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഈ നിലപാടിന് അനുസൃതമായിട്ടുള്ള ഒരു വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിധിനടപ്പിലാക്കുന്നതിന് ആവശ്യമായ പ്രായോഗിക നടപടികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ച് നടപ്പിലാക്കാണ്ടതുണ്ട്.

സ്ത്രീപ്രവേശനത്തിന് സിപിഐ എം അനുകൂലമാണെന്ന കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരസ്യമായി വ്യക്തമാക്കിയപ്പോള്‍ ചില കോണുകളില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം പലരും ഉയര്‍ത്തി. അവരുടെ സന്ദേഹം നീക്കാനായി സിപിഐ എം ഇടപെടലിന്റെ ചില അനുഭവങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്‍ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യുഡിഎഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചു. അതിനെതിരെ സഭയ്ക്കകത്തും പുറത്തും സിപിഐ എം നിലപാടെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 1993 നവംബര്‍ 24നും 25നും തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ത്രീകളും പുരോഗമനവാദികളായ ക്രിസ്ത്യന്‍ പുരുഷന്മാരുംചേര്‍ന്ന് സെമിനാര്‍ നടത്തി. അതിനെ പിന്തുണച്ച് ഇ എം എസ് പരസ്യമായി രംഗത്തുവന്നു. മാര്‍പാപ്പമുതല്‍ വികാരിവരെയുള്ള പൌരോഹിത്യശ്രേണിയാകെ ചരിത്രത്തിലിന്നോളം പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നതിനെതിരായി സെമിനാര്‍ പ്രതികരിച്ചു. ആരാധനയില്‍ അള്‍ത്താര അലങ്കരിക്കാനും സദ്യക്ക് ഭക്ഷണം വിളമ്പാനും അവസരമുണ്ടെങ്കിലും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. അത് ലോകം കേള്‍ക്കേണ്ട പ്രശ്‌നമാണെന്ന് ഇഎംഎസ് ഉറക്കെ പറഞ്ഞു.

അതുപോലെ ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്ര്യത്തിനെതിരെയും സിപിഐ എമ്മും ഇ എം എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ലിം പ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ലിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദമുയര്‍ത്തിയപ്പോള്‍ സിപിഐ എം അവര്‍ക്കൊപ്പമാണ് നിന്നത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ വിമര്‍ശകര്‍ തയ്യാറാവണം.

ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് ഒരവസരവും നിഷേധിക്കാന്‍ പാടില്ല. അവരുടെ പ്രാപ്തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സൃഷ്ടിക്കുകയാണ് ആവശ്യം. നമ്മൾ ഒരു പുരോഗമനസമൂഹമാണ് എന്നത് ആരും മറന്നുപോകരുത്.

error: Content is protected !!