സാലറി ചലഞ്ചില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇളവ്

സാലറി ചലഞ്ചിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍  ജീവനക്കാര്‍ക്ക് ഇളവ് നല്‍കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കണമെന്നില്ല. തുക എത്രയെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളം സംഭവന നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 11നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് പല പൊതുമേഖലാ സ്ഥാപനങ്ങളും അതേപടി നടപ്പാക്കി. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് ഇറക്കിയ ഉത്തരവാണിത്. ജീവനക്കാര്‍ക്ക് തങ്ങളുടെ കഴിവിനനുസരിച്ചുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളതുപോലെ ലീവ് സറണ്ടര്‍ സൗകര്യം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കില്ല. രണ്ടര വര്‍ഷമായി ശമ്പള പരിഷ്കരണവും നടപ്പിലാക്കിയിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന ജീവനക്കാര്‍ക്ക് പിഎഫ് വായ്പാ തിരിച്ചടവിന് പത്ത് മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. സംഭാവന നല്‍കുന്നതിന് വിമുഖതയുള്ള ജീവനക്കാര്‍ ശനിയാഴ്ചക്കകം ഇത് സംബന്ധിച്ച പ്രസ്താവന യൂണിറ്റധികാരിയെ അറിയക്കണമെന്നും എംഡി ടോമിന്‍ തച്ചങ്കിരിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം ഉത്തരവില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

error: Content is protected !!