കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി തലത്തിലേക്ക്

കണ്ണൂര്‍ : ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയർത്താൻ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച മാസ്റ്റർ പ്ലാനിന് കിഫ്ബിയുടെ അനുമതി.  സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉൾപ്പെടെയുള്ള ആദ്യഘട്ട നിർമാണ ‐ നവീകരണ പ്രവർത്തനങ്ങൾക്ക് 57.52 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി.  കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഉത്തരവായി.

ആശുപത്രിയിലെ നിലവിലെ ചില കെട്ടിടങ്ങൾ നവീകരിച്ചും പുതിയ ബ്ലോക്കുകൾ നിർമിച്ചുമാണ് ആശുപത്രി നവീകരണം സാധ്യമാക്കുക.  ബിഎസ്എൻഎല്ലിനാണ് നിർമാണച്ചുമതല.  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ ആശുപത്രി നവീകരണം യാഥാർഥ്യമാക്കുന്നത്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവും സൗന്ദര്യപൂർണവുമായ പരിസരം ആശുപത്രിയിൽ സൃഷ്ടിക്കും.  ഒപി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് എയിംസ് മാതൃകയിൽ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതി.

നിലവിൽ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങൾ രോഗികൾക്ക് സൗകര്യപ്രദമായ വിധത്തിൽ പുനഃക്രമീകരിക്കും. ഇതനുസരിച്ച് കെട്ടിടങ്ങളെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, സർജറി വിഭാഗം, ട്രോമ കെയർ വിഭാഗം, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം എന്നിങ്ങനെ വിവിധ ബ്ലോക്കുകളായി തിരിക്കും.  അടിയന്തര സാഹചര്യങ്ങൾ നേരിടാനാവശ്യമായ വിപുലമായ അത്യാഹിത വിഭാഗവും അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈൽ ട്രോമാ കെയറും ആശുപത്രിയിലൊരുക്കും.

വിശാലമായ രണ്ട് പ്രവേശന കവാടങ്ങളോടു കൂടിയ സുരക്ഷിതമായ ചുറ്റുമതിൽ, വിവിധ ബ്ലോക്കുകൾക്കിടയിൽ അനായാസം സഞ്ചരിക്കാനുള്ള റോഡുകൾ, നടപ്പാതകൾ, പാലങ്ങൾ, കുട്ടികൾക്കുള്ള പാർക്കുകൾ, ആധുനിക രീതിയിലുള്ള ഫയർ ആൻഡ‌് സേഫ്റ്റി സംവിധാനങ്ങൾ, ലിഫ്റ്റുകൾ തുടങ്ങിയവ ഒരുക്കും. മാലിന്യ സംസ‌്കരണത്തിനും ജലശുദ്ധീകരണത്തിനും വിപുലമായ പദ്ധതികൾ കൂടി ഉൾപ്പെടുന്നതാണ് മാസ്റ്റർ പ്ലാൻ.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പ്ലാന്റും നിർമിക്കും. ഇടതടവില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും.  കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇരട്ടിയായി വർധിപ്പിക്കും.

പേ വാർഡുകൾ വിപുലീകരിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഏഴ് ഓപ്പറേഷൻ തിയേറ്ററുകൾ, പുതിയ ബ്ലഡ് ബാങ്ക്, കൂടുതൽ എക്സ്റേ, അൾട്രാ സൗണ്ട്‐ എംആർഐ സ്കാനിങ് സംവിധാനങ്ങൾ, ഒപിയിൽ മുന്നൂറോളം പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം, മുന്നൂറിലേറെ പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ആശുപത്രിയിലെ മുഴുവൻ സേവനങ്ങളും കംപ്യൂട്ടറൈസ് ചെയ്യാനും  പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കാത്ലാബ്, സിസിയു സംവിധാനങ്ങളോടു കൂടിയ കാർഡിയോളജി വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവയുൾക്കൊള്ളുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 50,000 ചതുരശ്ര അടിയിൽ മൂന്നുനിലകളായാണ് നിർമിക്കുക.

error: Content is protected !!