കണ്ണൂര്‍ വിമാനത്താവളം: കേന്ദ്ര വ്യോമായന മന്ത്രാലയം തൃപ്തി രേഖപ്പെടുത്തി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ കേന്ദ്ര വ്യോമായന മന്ത്രാലയം തൃപ്തി രേഖപ്പെടുത്തി. എയര്‍പോര്‍ട്ടിന് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിലാണ് ഒരുക്കിയ സൗകര്യങ്ങള്‍ മികച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പരമാവധി വേഗത്തിലാക്കുമെന്ന് വ്യോമയാനമന്ത്രാലയവും ഡി.ജി.സി.എ.യും ഉറപ്പുനല്‍കിയിട്ടുണ്ട്.

വലിയ സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ആഭ്യന്തര യാത്രക്കാരെ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഏകീകൃത ടെര്‍മിനല്‍. 48 ചെക്ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന് 16, എട്ട് കസ്റ്റംസ് കൗണ്ടറുകളും സദാസമയം പ്രവര്‍ത്തിക്കും.
ആറ് ഏയ്‌റോ ബ്രിഡ്ജുകളുമുണ്ടാകും . 45 മീറ്റര്‍ വീതിയും 3050 മീറ്റര്‍ നീളവുമുള്ള റണ്‍വേ. ഇത് നാലായിരം മീറ്ററാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ യാത്രാവിമാനമുപയോഗിച്ച് രാത്രിയിലും പരീക്ഷണപ്പറക്കല്‍ നടത്തും. സിഗ്നല്‍ സംവിധാനമുള്‍പ്പടെയുള്ളവയുടെ ക്ഷമത ഉറപ്പു വരുത്തുന്നതിനാണ് രാത്രിയില്‍ റണ്‍വേയില്‍ വിമാനമിറക്കി പരിശോധന നടത്തുന്നത്. ഇതിനായി എയര്‍ഇന്ത്യയുടെ വിമാനം ഈ മാസം കണ്ണൂരിലെത്തും. കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്‍ഡിഗോയുടെയും പരീക്ഷണപ്പറക്കല്‍ വിജയകരമായിരുന്നു.

error: Content is protected !!