കണ്ണൂര്‍ വിമാനത്താവളം: റോഡ് വികസനത്തിന് ജനപിന്തുണ വേണം-മന്ത്രി കടന്നപ്പള്ളി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് വികസനത്തിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സുസ്ഥിര ബിസിനസ് അവസരങ്ങളും എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റീവ് മാനേജ്‌മെന്റും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കും കണ്ണൂരില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ആസൂത്രിത സമീപനമാണ് ഈ സര്‍ക്കാറിനെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവള വികസനത്തിനൊപ്പം അഴീക്കല്‍ തുറമുഖ വികസനവും നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം എണ്ണമറ്റ സാധ്യതകള്‍ നല്‍കുന്നതായും അതില്‍നിന്ന് സഹകരണമേഖല അതിന്റെ സാധ്യതകള്‍ തേടണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. വിമാനത്താവളത്തോടനുബന്ധിച്ച് സഹകരണ മേഖല മുന്നോട്ടുവെക്കുന്ന ഓരോ പ്രൊജക്ടിനെയും എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പിന്തുണക്കും. 15 ദിവസത്തിനകം സഹകരണ ബാങ്കുകള്‍ പ്രൊജക്ടുകള്‍ തയാറാക്കി ജില്ലാ ബാങ്കിന് സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

നബാര്‍ഡ് ഡി.ഡി.എം കെ.വി. മനോജ്കുമാര്‍, കാസര്‍കോട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി. മുഹമ്മദ് നൗഷാദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ്, ഐ.സി.എം ഡയറക്ടര്‍ എം.വി ശശികുമാര്‍, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാര്‍ ജെ. വിജയകുമാര്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.കെ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഗതാഗതം, വിനോദസഞ്ചാരം, കാര്‍ഷികവും അനുബന്ധ പരമ്പരാഗത വ്യവസായ ഉല്‍പാദനവും കയറ്റുമതിയും, നൂതന പദ്ധതികളും നിയമ വ്യവസ്ഥയും എന്നീ വിഷയങ്ങളില്‍ വിദഗ്ധ സമിതി ചര്‍ച്ച നടത്തി.

error: Content is protected !!