സംസ്ഥാന സ്കൂള്‍ കലോത്സവം : തീയ്യതി ഇന്നറിയാം

സംസ്ഥാന സ്കൂൾ കലോത്സവം , കായിക , ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്കൂൾ സബ് ജില്ലാതല മത്സരങ്ങൾ ഏത് തരത്തിൽ നടത്തണം എന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. സംസ്ഥാന സ്കൂൾ കലോത്സവം ചെലവ് ചുരുക്കി ആലപ്പുഴയിൽ നടത്താൻ ഇന്നലെ ചേർന്ന മാനുവൽ പരിഷ്കരണ സമിതി തീരുമാനിച്ചിരുന്നു.
കുട്ടികൾക്ക‌് ഗ്രേസ‌് മാർക്ക‌് മാത്രം നൽകുന്ന മേളയിൽ വ്യക്തിഗത ഇനങ്ങൾക്കുള്ള ട്രോഫി വേണ്ടതില്ലെന്ന‌് കലോത്സവ മാന്വൽ കമ്മിറ്റി ശുപാർശ ചെയ‌്തിട്ടുണ്ട‌്. ഗ്രേസ‌് മാർക്കും സർട്ടിഫിക്കറ്റും ജേതാക്കൾക്ക‌് നൽകുന്ന മേളയിൽ ജില്ലാ അടിസ്ഥാനത്തിലുള്ള കിടമത്സരം ഒഴിവാക്കാൻ ഇത്തവണ പോയിന്റ‌് നിശ്ചയിക്കേണ്ടെന്ന ചർച്ച നടന്നിട്ടുണ്ട‌്.

പോയിന്റ‌് കണക്കാക്കുന്നില്ലെങ്കിൽ ഓവറോൾ ജേതാക്കളുണ്ടാകില്ല‌. കഴിഞ്ഞ തവണത്തെ ജേതാക്കളും സ്വർണക്കപ്പിന്റെ അവകാശികളുമായ കോഴിക്കോട‌് ജില്ലയിൽനിന്ന‌് കപ്പിന്റെ അവകാശം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏറ്റെടുത്ത‌് വരുംവർഷം  ഓവറോൾ ജേതാക്കളെ കണ്ടെത്തിയാൽ മതിയെന്നുമാണ‌് നിർദേശം.

എന്നാൽ, മേളയിൽ കൂടുതൽ വിജയം നേടുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലയെ കണ്ടെത്താൻ വിഷമമില്ലെന്നും കപ്പ‌് നൽകണമെന്നും നിർദേശമുണ്ട‌്.  ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇന്ന് ചേരുന്ന ഗുണപരിശോധനാപദ്ധതി സമിതി (ക്യൂഐപി) സ്വീകരിക്കും. എന്തായാലും ഇത്തവണ കലോത്സവത്തിന‌് സ്വർണക്കപ്പ‌് സ്വീകരണയാത്ര  ഉണ്ടാകില്ല.  ജില്ലകൾതോറും സ്വീകരണം നൽകി മുഖ്യവേദിയിലേക്ക‌്  ആനയിച്ചുകൊണ്ടുവരുന്ന ചെലവുള്ള യാത്ര ഒഴിവാക്കാൻ തീരുമാനമായി. എൽപി, യുപി മത്സരങ്ങൾ സ‌്കൂൾതലത്തിൽ മാത്രമാകും‌. ഉപജില്ല‐ജില്ലാതലങ്ങളിലെ മത്സരങ്ങൾ ഇത്തവണ രണ്ടുദിവസംകൊണ്ട‌് തീർക്കണം. സംസ്ഥാനമേളയുടെ ദിനങ്ങൾ കുറയ‌്ക്കുന്ന കാര്യത്തിലും  തീരുമാനമെടുക്കും.

മേളകളെല്ലാം ഹാളുകളിലായിരിക്കും. കാഴ‌്ചക്കാർക്ക‌് ഇരിപ്പിടങ്ങളുണ്ടാകില്ല.സംഘാടക സമിതിയിലെ വിവിധ കമ്മിറ്റികളുടെ എണ്ണം മൂന്നിലൊന്നായി കുറയും.  മേള, രാത്രി ഉണ്ടാകില്ല.  ഉദ‌്ഘാടന‐സമാപന ആഘോഷങ്ങൾ ഒഴിവാക്കിയതിനൊപ്പം അനുബന്ധ പരിപാടികളും ഉപേക്ഷിച്ചിട്ടുണ്ട‌്. എന്നാൽ, എല്ലാ മത്സര ഇനങ്ങളും ഉണ്ടാകും.
കായികമേളയിൽ വ്യക്തിഗത മെഡലുകളും ജേതാക്കൾക്ക‌് ക്യാഷ‌് അവാർഡുകളും ഇല്ല. ഒന്നാംസ്ഥാനക്കാരായ സ‌്കൂളുകളെയും ജില്ലാ ചാമ്പ്യന്മാരെയും മികച്ച കോച്ചിനെയും തെരഞ്ഞെടുക്കില്ല.

error: Content is protected !!