പുഷ്പനെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു
കൂത്തുപറമ്പ് സമരത്തില്‍ ഗുരുതരമായി പരിക്കേറ്റ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂറോ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന പുഷ്പനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പരിശോധിച്ചു. മെഡിക്കല്‍കോളേജ് ഓര്‍ത്തോ വിഭാഗം അഡീഷനല്‍ പ്രൊഫസര്‍ ഡോ ആര്‍ രവികുമാര്‍, മെഡിസിന്‍ വിഭാഗം അസോസിയേറ്റ്‌പ്രൊഫസര്‍ ഡോ സൂപ്പി കയനാടത്ത്, ന്യൂറോ സര്‍ജറിവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബൈജോ വി ജെ എന്നിവരുള്‍പ്പെട്ട സംഘമാണ് ശനിയാഴ്ച വൈകിട്ടോടെ ആശുപത്രിയിലെത്തി പരിശോധിച്ചത്.
കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പുഷ്പനെ ചികിത്സിക്കുന്ന മെഡിക്കല്‍ സുപ്രണ്ട് ഡോ രാജീവ്‌നമ്പ്യാര്‍, സര്‍ജന്‍’ഡോ സുധാകരന്‍ കോമത്ത്, മെഡിസിന്‍ വിഭാഗത്തിലെ ഡോ ദേവാനന്ദ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ എ എന്‍ ഷംസീര്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. സിപിഐ എം കണ്ണൂര്‍ ജില്ലസെക്രട്ടറി പി ജയരാജന്‍ ശനിയാഴ്ച രാവിലെ പുഷ്പനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം ആരോഗ്യമന്ത്രി കെ കെ ശൈലജയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് അടിയന്തരമായി മെഡിക്കല്‍ സംഘത്തെ അയച്ചത്. മുഖ്യമന്ത്രി പിണറായിവിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പുഷ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. ആശങ്കപ്പെടാനില്ലെന്നും ശ്വാസംമുട്ടലും വയര്‍സ്തംഭനവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.
ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും ശാരീരിക അസ്വസ്ഥയുമുണ്ടായതോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ജില്ലപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി പി ദിവ്യ, ഡിവൈഎഫ്‌ഐ ജില്ലസെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എം ഷാജര്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്, എ പ്രദീപന്‍, ടി ജയേഷ്, കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് അഡ്വ കെ ഗോപാലകൃഷ്ണന്‍ എന്നിവരും മെഡിക്കല്‍ സംഘത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. സിപിഐ എം ജില്ലസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, പി ഹരീന്ദ്രന്‍, തലശേരി ഏരിയസെക്രട്ടറി എം സി പവിത്രന്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആശുപത്രിയിലെത്തി.