ബിഷപ്പിന്‍റെ അറസ്റ്റിന് തടസ്സമില്ലെന്ന് ഡിജിപി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനുള്ള സാധ്യത ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം തീരുമാനിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണസംഘത്തിനു സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ജാമ്യാപേക്ഷ തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ്പ് ജാമ്യഹർജി നൽകിയതിനു ശേഷം മതി അറസ്റ്റെന്നു പൊലീസ് യോഗത്തിൽ തീരുമാനമുണ്ടായെന്ന വാർത്തകൾക്കു പിന്നാലെയാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. എന്നാൽ ജാമ്യഹർജിയെന്ന കീഴ്‌വഴക്കത്തിന്റെ പേരിൽ അറസ്റ്റ് നീട്ടരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നെന്നാണ് സൂചന.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ബിഷപ്പിന്‍റെ മൊഴികളില്‍ നിരവധി വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ബിഷപ്പ് വിശദമായ മറുപടി നല്‍കുന്നുണ്ടെങ്കിലും തെളിവുകള്‍ ബിഷപ്പിന് എതിരാണ്.കുറവിലങ്ങാട് മഠത്തില്‍ താന്‍ താമസിച്ചിട്ടില്ല എന്ന നിലപാടില്‍ ബിഷപ്പ് ഉറച്ചു നില്‍ക്കുകയാണ്. ബിഷപ്പിനെതിരെ തെളിവുകള്‍ അന്വേഷണ സംഘം നിരത്തിയിട്ടും ബിഷപ്പ് സമ്മതിച്ചില്ല എന്നാണ് സൂചന. രണ്ടാം ദിവസത്തെ നിര്‍ണ്ണായക ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ 11 മണിക്കാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും പൊലീസ് സംരക്ഷണത്തിലാണ് ബിഷപ്പ് ഇന്നും എത്തിയത്.

ബിഷപ്പിന്‍റെ കുറ്റസമ്മതം ഇല്ലാതെ തന്നെ അറസ്റ്റിനുള്ള തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കുറെ കാര്യങ്ങളില്‍ കൂടി ബിഷപ്പില്‍ നിന്ന് വ്യക്തത വേണമെന്നും അറസ്റ്റിന്‍രെ കാര്യത്തില്‍ തീരുമാനം അതനുസരിച്ചായിരിക്കുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റേയും പൊലീസ് മേധാവിയുടേയും അനുമതിയോടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അറസ്റ്റ് വേണമോയെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. അറസ്റ്റ് ഉണ്ടായാല്‍ ബിഷപ്പിനെ ഏറ്റുമാനൂര്‍ മജിസ്ട്രട്ടിനു മുന്നിലാകും ഹാജരാക്കുക. അറസ്റ്റിനു മുന്നോടിയായുള്ള സുരക്ഷ ഒരുക്കങ്ങളും പൊലീസ് പലയിടങ്ങളിലും തുടങ്ങിക്കഴിഞ്ഞു.

error: Content is protected !!