ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണം: ഇമ്രാന്‍ ഖാന്‍

ഇന്ത്യ – പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. ഇക്കാര്യം  ഉന്നയിച്ചു ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കശ്മീര്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും ഇമ്രാന്‍ ഖാന്‍.

പാകിസ്താന്‍ പ്രധാന മന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ചു കൊണ്ട് ആഗസ്റ്റ്‌ ഇരുപതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനു  മറുപടിയിലാണ് ഇന്ത്യ – പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന ആവശ്യം ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരിക്കുന്നത്.

മോധിയുടെ കത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അർഥവത്തായതും സൃഷ്ടിപരവുമായ ബന്ധം ഉണ്ടാകണമെന്ന് ആശംസിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിരവധി വെല്ലുവിളികള്‍ ഉള്ളതായി മോദിക്കെഴുതിയ കത്തില്‍ ഇമ്രാന്‍ ഖാന്‍ സമ്മതിക്കുന്നുണ്ട്.  എന്നാല്‍ ഭീകര വാദം ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

കശ്മീര്‍, സിയാച്ചിന്‍ എന്നിവ ഉള്‍പ്പെടെ നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ പ്രധാന പ്രശങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇമ്രാന്‍റെ കത്തില്‍ പറയുന്നു.

അടുത്ത മാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിക്കിടെ  വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ചര്‍ച്ച നടത്തണമെന്നും കത്തില്‍ ഇമ്രാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍  ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു.

2015 ല്‍ ഇസ്ലാമാബാദിലെ ഹാർട്ട് ഓഫ് ഏഷ്യൻ സമ്മേളനത്തിനു ശേഷം ഇന്ത്യ – പാക് നയതന്ത്ര ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിട്ടില്ല.

error: Content is protected !!