ഡാമുകളുടെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ജലകമ്മീഷന്‍ കേരളത്തിലെത്തുന്നു

പ്രളയാനന്തരം കേരളത്തിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ജലകമ്മീഷൻ സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ലോകബാങ്ക് പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രളയസാധ്യത മുന്നിൽ കണ്ടുള്ള പുതിയ ചടങ്ങളാവും പ്രധാന ചർച്ചാവിഷയം

കേരളത്തിലെ ഡാമുകളിൽ നിന്ന് പുറത്തേക്കൊഴുക്കിയ ജലമല്ല പ്രളയത്തിനിടയാക്കിയതെന്ന റിപ്പോർട്ട് ജലകമ്മീഷൻ തയ്യാറാക്കിയിരുന്നു. റിപ്പോർട്ട് കേരളത്തിനയച്ചു. ചില സാങ്കേതിക പിഴവുകൾ തിരുത്തി റിപ്പോർട്ട് കഴിഞ്ഞ ദിവസം കമ്മീഷൻ പുതുക്കി.

ഡാമുകളിൽ പ്രളയസാധ്യത കണക്കിലെടുത്തുള്ള ചട്ടം അഥവാ റൂൾ കർവ് ടൂളിൻറെ അഭാവത്തെക്കുറിച്ച് റിപ്പോർട്ട് സൂചന നല്കിയിരുന്നു. കേന്ദ്ര സംഘം എത്തുമ്പോൾ പ്രധാന ചർച്ച ചട്ടരൂപീകരണത്തെക്കുറിച്ചാവും. ബുധനാഴ്ച കേരളത്തിലെത്തുന്ന സംഘം വൈദ്യുതി ബോർഡിലെയും ജലവിഭവ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

ഡാമുകളുടെ സുരക്ഷയ്ക്ക് ഇന്നലെ 3466 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയിരുന്നു. 2626 കോടി ലോകബാങ്കാണ് നല്കുന്നത്. ഇതിൽ കേരളത്തിലെ 28 ഡാമുകൾക്കായി 514 കോടി ചെലവിടുമെന്ന സൂചനയാണ് ഉന്നത ഉദ്യോഗസ്ഥർ നല്കുന്നത്. വൈദ്യുതി ബോർഡിനു കീഴിലുള്ള 16 ഡാമുകൾക്കും ജലവിഭവവകുപ്പിൻറെ 12 സംഭരണികൾക്കും പദ്ധതിയുടെ ആനുകൂല്യം കിട്ടും.

error: Content is protected !!