ശബരിമല വിധി ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും; ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി കേവലം ശബരിമലയെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്ന് സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്ര. അയപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും വാദിച്ചപ്പോള്‍ ഭൂരിപക്ഷ തീരുമാനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രമാണ്. ശബരിമല വിധി വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഭൂരിപക്ഷ വിധിയോട് വിയോജിച്ചുകൊണ്ടുള്ള തന്റെ വിധിന്യായത്തില്‍ ഇന്ദു മല്‍ഹോത്ര മുന്നറിയിപ്പു നല്‍കുന്നു. ‘ഇപ്പോഴത്തെ വിധി ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല. അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ആഴത്തില്‍ അടിയുറച്ച മതവികാരങ്ങളെ സാധാരണ രീതിയില്‍ കൈകാര്യം ചെയ്യരുത്.’ എന്നാണ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്.

വിശ്വാസിളുടെ വികാരത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് ഇന്ദു മല്‍ഹോത്ര തന്‍റെ വിധി പ്രസ്താവത്തില്‍ കുറിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വിശ്വാസത്തില്‍ യുക്തിയ്ക്ക് സ്ഥാനമില്ല. അതില്‍ കോടതി ഇടപെടെരുത്. ശബരിമലയിലെ വിശ്വാസി വിഭാഗത്തിലെയോ ആ മതത്തിലെയോ ഏതെങ്കിലും വ്യക്തി സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നതു വരെ കോടതി ഈ വിഷയത്തില്‍ ഇടപെടരുത്. ഒരു പ്രത്യേക മതവിഭാഗമെന്ന സ്ഥാനം അയ്യപ്പന്മാര്‍ക്കുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.

ഇന്ത്യയിൽ വ്യത്യസ്ത ആചാരങ്ങളുണ്ട്. യുക്തിരഹിതമായ ആചാരങ്ങള്‍ക്ക് പോലും ഭരണഘടന സ്വാത്യന്ത്ര്യം നല്‍കുന്നു . ഭരണഘടനയുടെ അനുച്ഛേദം 14 ലെ യുക്തികളുടെ  മാത്രം ഉരകല്ലാൽ ഈ ആചാരങ്ങളെ  അളക്കാനാവില്ല . അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായ കണക്കാനാവില്ലെന്ന് ഭൂരിപക്ഷാഭിപ്രായത്തെയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തള്ളുന്നു.

എന്നാല്‍ അഞ്ചംഗ ബെഞ്ചിലെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, റോഹിന്‍റണ്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ‍് എന്നീ നാല് അംഗങ്ങളും സ്ത്രീ പ്രവേശനത്തെ പിന്തുണച്ചു.  ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാണിച്ചു.

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേത്. സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ല. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണം. ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.

ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും യംങ് ലോയേഴ്സ് അസോസിയേഷൻ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍, സന്യാസി മഠങ്ങൾ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്നാണ് കോടതിയില്‍ വാദിച്ചത്.

error: Content is protected !!