തൃപ്തിയോടെ തൃപ്തി ദേശായി

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. വിധി സന്തോഷവും ആശ്വാസകരവുമാണെന്നും വിധി സ്ത്രീകളുടെ വിജയമാണെന്നും തൃപ്തി ദേശായി പറയുന്നു. തിയതി പ്രഖ്യാപിച്ച് ഉടന്‍ തന്നെ ശബരിമലയില്‍ കയറുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തില്‍ത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും തൃപ്തി ചോദിച്ചു.

ഭരണഘടന തുല്യത ഉറപ്പുവരുത്തുന്ന രാജ്യത്ത് മതങ്ങളുടെ പേരിൽ എന്തിനാണ് വിവേചനമെന്ന് കേന്ദ്ര വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ചോദിച്ചു. കോടതി വിധി സ്വാഗതം ചെയ്യുന്നതായും രേഖ ശർമ്മ വ്യക്തമാക്കി.

തുല്യത ഉറപ്പാക്കുന്നതിൽ സുപ്രീംകോടതി വിധി ഏറെ നി‌ർണ്ണായകമാണെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആരാധനാസ്വാതന്ത്യമെന്ന അവകാശം സ്ത്രീകൾക്ക് നിഷേധിക്കാനാവില്ലെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.

വിധിയിൽ സന്തോഷമെന്ന് കർണാടക വനിതാ ക്ഷേമ മന്ത്രി ജയമാല പറഞ്ഞു. പൂർവികരുടെ പുണ്യമെന്നും ദൈവം തന്ന വിധിയാണ് ഇതെന്നും ജയമാല പറഞ്ഞു. ജയമാല ശബരിമലയിൽ പ്രവേശിച്ചത് വൻ വിവാദമായിരുന്നു.

അതേസമയം, ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ ചരിത്ര വിധിയോട് ഏകാവനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് വിയോജിപ്പ്. യുക്തി രഹിതമായ വിശ്വാസമാണെങ്കിലും അതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിലപാട്.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി.

സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി.

error: Content is protected !!