ചലച്ചിത്രമേള ഏഴു ദിവസമാക്കി ചുരുക്കി

ചെലവുകള്‍ ചുരുക്കുന്നതിനായി സംസ്ഥാന ചലചിത്രമേള ഏഴു ദിവസമാക്കി ചുരുക്കി നടത്താന്‍ തീരുമാനം. ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് നടത്തുക. ഏഷ്യന്‍ ചിത്രങ്ങള്‍ക്കും ജൂറികള്‍ക്കും പ്രധാന്യം നല്‍കിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

മൂന്നരക്കോടി അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ഒതുക്കാനാണ് ധാരണ. ഇതില്‍ രണ്ട് കോടി ഡെലിഗേറ്റ് പാസ് കളക്ഷനിലൂടെയും ഒന്നരക്കോടി സ്പോണ്‍സര്‍മാരിലൂടെയും കണ്ടെത്തും.
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെക്രട്ടറിയും ഇന്നലെ മന്ത്രി എ.കെ ബാലനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ലൈഫ് ടൈം അച്ചീവ്മെന്റ് ഇത്തവണ ഉണ്ടാവില്ല. 10 ലക്ഷമാണ് ഇതിന്റെ തുക.അടുത്തയാഴ്ച മുതല്‍ സെലക്ഷന്‍ ജൂറി സിനിമകള്‍ കണ്ടു തുടങ്ങും. ഇത്തവണ ഏഷ്യന്‍ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം. സിനിമയും അണിയറപ്രവര്‍ത്തകരെയും എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനാണിത്.

ജേതാവിന്റെ യാത്ര, താമസ, അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടെ 20 ലക്ഷത്തോളം രൂപ ലാഭിക്കാം. ലോക സിനിമ, കോംപറ്റീഷന്‍, ഇന്ത്യന്‍ സിനിമ, മലയാള സിനിമ എന്നീ പാക്കേജുകള്‍ മാത്രമാണ് ഇത്തവണ ഉണ്ടാവുക. വിദേശ ചലച്ചിത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അതിഥികളെ കുറയ്ക്കും. ഉദ്ഘാടന,സമാപന ചടങ്ങുകളിലെ ആഘോഷം ഉണ്ടാവുകയില്ല, പ്രധാന കാറ്റഗറികള്‍ക്ക് മാത്രമേ പുരസ്‌കാരം ഉണ്ടാവുകയുള്ളൂ.

error: Content is protected !!