കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ യുവതി കോടതിയില്‍; ഒടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുമതി

സ്വവർഗ ബന്ധം നിയമപരമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ജീവിത പങ്കാളിയായ യുവതിക്കൊപ്പം ഒന്നിച്ചു ജീവിക്കാൻ അനുമതി തേടി മറ്റൊരു സ്ത്രീയുടെ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതിയിൽ. തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയെ മാതാപിതാക്കളുടെ അന്യായ തടങ്കലിൽ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയാണ് ഹൈക്കോടതിയിലെത്തിയത്.

തിരുവനന്തപുരം സ്വദേശിയുമായി ദീർഘനാളായി പ്രണയത്തിലാണ് ഗള്‍ഫില്‍ താമസിക്കുന്ന ഹര്‍ജിക്കാരി. യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹേബിയസ് കോർപ്പസ് സമര്‍പ്പിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച  യുവതിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഇഷ്ടമുള്ള തീരുമാനം ഇവര്‍ക്ക് എടുക്കാമെന്ന് കോടതി ഉത്തരവിട്ടത്.

ഒന്നിച്ചു ജീവിക്കാനായി വീടുവിട്ടിറങ്ങിയ യുവതിയെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി പിടികൂടുകയായിരുന്നെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീട്ടുകാര്‍ യുവതിയെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയെങ്കിലും  കോടതി യുവതിയെ സ്വതന്ത്രയാക്കി. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ വീട്ടുകാര്‍ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും പരാതിക്കാരി പറഞ്ഞു. ഇതേതുടര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.

error: Content is protected !!