ചരിത്ര വിധി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി കുറ്റകരമല്ല

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു.

ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബെഞ്ചിന്‍റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.

പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടിയാണ് 1861ല്‍  സ്വവര്‍ഗ്ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം സ്വാതന്ത്രപ്രാപ്തിക്കു ശേഷവും തുടര്‍ന്നു. നിയമ കമ്മീഷന്‍റെ 172ാമത് റിപ്പോര്‍ട്ടില്‍ നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല.

error: Content is protected !!