പ്രളയം: നാഗാലാന്‍റിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നൂറ്റാണ്ടിലെ മഹാ പ്രളയത്തില്‍ നിന്ന്‍ കേരളം കരകയറുന്നതിനിടയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. നാഗാലാന്‍റ് ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. നാഗാലാന്‍റിനെ സഹായിക്കാന്‍ മലയാളികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി എന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം.. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം

error: Content is protected !!