തെളിവെടുപ്പ്: കന്യാസ്ത്രീകളോട് മഠത്തില്‍ നിന്നും താമസം മാറാന്‍ നിര്‍ദേശം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നാളെ കുറുവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പ് നടത്തും. ഇതിന്റെ ഭാഗമായി കന്യാസ്ത്രീകളോട് മഠത്തില്‍ നിന്ന് താമസം മാറാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. മഠത്തില്‍ കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.

ജലന്ധറില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള തന്നെ അവിടെ വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി നല്‍കിയിരുന്നു. ജലന്ധറില്‍ നിന്ന് രക്ഷപ്പെട്ട് കുറവിലങ്ങാട് മഠത്തിലെത്തിയെങ്കിലും അവിടെയെത്തി പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹര്യത്തിലാണ് മഠത്തില്‍ ബിഷപ്പുമായെത്തി തെളിവെടുക്കുന്നത്.

ബിഷപ്പ് കേരളത്തിലെത്തിയാല്‍ താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്നത് കുറവിലങ്ങാട് മഠത്തോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസായിരുന്നു. ളോഹയുടെ കീറിയഭാഗം തുന്നാനായാണ് 2014ല്‍ കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയില്‍ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി. പിന്നീട് കേരളത്തില്‍ വരുമ്പോഴെല്ലാം പീഡനം തുടര്‍ന്നതായും രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 13 തവണ പീഡിപ്പിച്ചു.

കൂടാതെ പലതവണ പ്രകൃതി വിരുദ്ധ നടപടികള്‍ക്ക് വിധേയമാക്കി. പരാതിപ്പെടാതിരിക്കാന്‍ പുറത്തുനിന്നും മഠത്തിനുള്ളില്‍നിന്നും സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.ജലന്ധറില്‍ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാല്‍ അവിടെയും തെളിവെടുത്തേക്കും. എന്നാല്‍, രണ്ട് ദിവസം മാത്രമെ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ എന്നതിനാല്‍ തന്നെ കേരളത്തിലെ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

error: Content is protected !!