ചര്‍ച്ചയില്‍ നിന്ന്‍ പിന്മാറിയ ഇന്ത്യയുടെ നടപടി ധിക്കാരപരം: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ബിഎസ്എഫ് ജവാന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ പ്രാധാന മന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ വീണ്ടും നിർണ്ണായകരമായ അവസരം പാഴാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” സമാധാന ചര്‍ച്ചയ്ക്കായുള്ള തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി ധിക്കാരപരമാണ്. ഇതില്‍ അങ്ങേയറ്റം നിരാശയുണ്ട്. വലിയ ബോധ്യങ്ങളില്ലാത്ത ആളുകള്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നത് ഞാന്‍ ഇതിന് മുന്‍പും കണ്ടിട്ടുണ്ട്”- എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇമ്രാന്‍ ഖാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്കില്‍ ആദ്യഘട്ട ചര്‍ച്ച നടത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെ സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് പാക്കിസ്ഥാനുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു. പാക്കിസ്ഥാനോട് ചര്‍ച്ച നടത്തിയിട്ട് യാതൊരു അര്‍ഥവുമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ജവാന്റെ കഴുത്തറുത്ത സംഭവത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോടും പാക് സൈന്യത്തോടും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

error: Content is protected !!