പ്രളയം നേരിടാന്‍ ഫ്ലഡ് മാപ്പ് ഒരുക്കി പാലക്കാട്

പ്രളയദുരന്തം ആവർത്തിക്കാതിരിക്കാനുളള മുന്നൊരുക്കവുമായി ഫ്ലഡ് മാപ്പ് നിർമ്മാണത്തിനുളള പ്രവർത്തനങ്ങൾക്ക് പാലക്കാട്  തുടക്കമിട്ടു. തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളും ചേർന്നാണ് പ്രളയ മുൻകരുതൽ മാപ്പ് തയ്യാറാക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പ്രളയമാപ്പ് നിർമ്മാണം

പ്രളയത്തിൽ വീടുകളിലേക്ക്  ഇരച്ചുകയറിയ വെളളത്തിന്റെ നിരപ്പ് മുതൽ,മഴയുടെ തോത്,  ഓരോ ഘട്ടങ്ങളിൽ പുഴയിലുയരുന്ന വെളളത്തിന്റെ അളവ്,  പ്രാദേശിക ഘടകങ്ങൾ എന്നിവ ഫ്ളഡ‍് മാപ്പിൽ കൃത്യമായി രേഖപ്പെടുത്തും.  ഈ വിവരങ്ങളെല്ലാം ക്രോഡീകരിക്കുന്നതിലൂടെ,  മഴ കനക്കുമ്പോൾ തന്നെ മാറ്റിപ്പാർപ്പിക്കൽ ആവശ്യമായ ഇടങ്ങൾ, കനത്ത വെളളക്കെട്ടുണ്ടാവാൻ സാധ്യതയുളള പ്രദേശങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് കരുതൽ നടപടിയെടുക്കാം.

പ്രളയത്തിൽ പാലക്കാട്ട് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ആണ്ടിമഠം കോളനിയിലാണ് ഫ്ലഡ്മാപ്പ് രൂപീകരണത്തിന് തുടക്കമിട്ടിരിക്കുന്നത് . അകത്തേത്തറ പഞ്ചായത്തിനൊപ്പം ശാസ്ത്ര സാഹിത്യ പരിഷദ്, ഹരിത കേരള മിഷൻ,  പ്രവർത്തകരും സിവിൽ എൻജിനീയറിംഗ്, ജ്യോഗ്രഫി വിദ്യാർത്ഥികളും ചേർന്നാണ് സർവ്വെ നടത്തുന്നത്.

അകത്തേത്തറ പഞ്ചായത്തിൽ തുടക്കമിട്ട പ്രളയമാപ്പ് രൂപീകരണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന ആശയവും ഇവർ മുന്നോട്ട് വയ്ക്കുന്നു. ദുരന്തം സംഭവിച്ച ശേഷമുളള രക്ഷാ പ്രവർത്തനങ്ങൾക്ക് പകരം ഇത്തരം ചെറിയ തയ്യാറെടുപ്പുകൾ വലിയ ഗുണംചെയ്യുമെന്ന മാതൃകയാണിവർക്ക് നൽകാനുളളതും.

error: Content is protected !!