ഭാരത് ബന്ദിനിടയിലും ഇന്ധന വില മുകളിലേക്ക്

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില മുകളിലേക്കു തന്നെ. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വർധിച്ചു. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്. ഓരോ ദിനവും റെക്കോർഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉൽപാദനം കൂട്ടാതിരുന്നതുമാണ് കാരണമെന്നു വിശദീകരിക്കുന്ന കേന്ദ്രസർക്കാർ വില പിടിച്ചുനിർത്താനുള്ള നടപടികൾക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുംബൈയിലാണ് ഏറ്റവും ഉയർന്ന വില– പെട്രോൾ ലീറ്ററിന് 88.31 രൂപയും ഡീസൽ 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാൽ വില ഏറ്റവും കുറവുള്ള ‍ഡൽഹിയിൽ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയും.

പെട്രോൾ‐ ഡീസൽ എക്സൈസ് തീരുവ മോദി സർക്കാർ തുടർച്ചയായി വർധിപ്പിക്കുകയാണ്. നിലവില്‍ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് വിലവർദ്ധനയ്ക്കുള്ള പ്രധാനകാരണം. എണ്ണക്കമ്പനികള്‍ 40.50 രൂപയ്ക്ക് പെട്രോളും 43 രൂപയ്ക്ക് ഡീസലും വില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അമിത നികുതിയാണ് വിലവർദ്ധനവിനുള്ള പ്രധാന കാരണമായി പ്രതിപക്ഷം ആരോപിക്കുന്നത്.

പ്രകൃതിവാതകങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടായി.  ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 42.60 രൂപയായും നോയിഡയിൽ 49.30 രൂപയായും വർധിച്ചു. പാചകത്തിന് ഉപയോഗിക്കുന്ന കുഴൽവാതകത്തിന്‍റെ (പിഎൻജി) വില ഡൽഹിയിൽ സ്റ്റാൻഡേർഡ് ക്യുബിക്ക് മീറ്ററിന് (എസ്സിഎം) 28.25 രൂപയായും നോയിഡയിൽ 3010 രൂപയായും വർദ്ധിച്ചു.

error: Content is protected !!