വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റല്‍ രേഖകള്‍ മതി

ഇനി മുതല്‍ ലൈസന്‍സും വാഹന രേഖകളും കൈവശം വയ്‌ക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ സര്‍ക്കുലര്‍. രേഖകളുടെ പകര്‍പ്പിന് പകരം ഡിജിറ്റല്‍ കോപ്പി മതിയെന്ന് സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത രേഖയാണ് ഡിജിലോക്കര്‍. ഇത് മൊബൈലിലോ ടാബിലോ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇതു സംബന്ധിച്ച നിര്‍ദേശം ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ നല്‍കണം. നേരത്തെ മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല.

ഏതെങ്കിലും രേഖകള്‍ പൊലീസിന് പിടിച്ചെടുക്കേണ്ട ആവശ്യം വന്നാല്‍ അതും ഡിജി ലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. ഡിജി ലോക്കര്‍ മുഖേന രേഖകള്‍ ആവശ്യഘട്ടത്തില്‍ അധികാരികള്‍ക്ക് ഷെയര്‍ ചെയാനും സാധിക്കും. ഡിജി ലോക്കര്‍ ആപ്ലിക്കേഷന്‍ മൊബൈല്‍, ടാബ് എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.

error: Content is protected !!