ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം: അഭിലാഷ് ടോമി സുരക്ഷിതന്‍

പായ്‍വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്നതിനിടെ കാണാതായ മലായാളി നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതന്‍. അഭിലാഷ് അയച്ച പുതിയ സന്ദേശത്തിലാണ് പായ് വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്ന വിവരം അറിയിച്ചിരിക്കുന്നത്. തനിക്ക് പായ്ക്കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും, താന്‍ നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. അടിയന്തിര സന്ദേശത്തിന്‍റെ റേഡിയോ ബീക്കണ്‍ സംവിധാനവും ജിപിഎസ് സംവിധാനവും പ്രവര്‍ത്തന ക്ഷമമാണെന്നും അധികൃതര്‍ അറിയിച്ചു.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്‌ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്.

1968ല്‍ ബ്രിട്ടിഷുകാരന്‍ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ നടത്തിയ കടല്‍പ്രയാണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ്. അഭിലാഷ് ഉള്‍പ്പെടെ 18 പേരുടെ പായ്വഞ്ചികളാണു പങ്കെടുക്കുന്നത്. ഗോവയില്‍ നിര്‍മിച്ച ‘തുരിയ’ എന്ന പായ്വഞ്ചിയിലാണ് അഭിലാഷിന്റെ പ്രയാണം.

error: Content is protected !!