ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടം; നാവികന്‍ അഭിലാഷ് ടോമിയെ കാണാതായി

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്‌വഞ്ചിയുടെ കഴ തകർന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തിൽ പറയുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്‌ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. 1968ല്‍ ബ്രിട്ടിഷുകാരന്‍ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ നടത്തിയ കടല്‍പ്രയാണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ്. അഭിലാഷ് ഉള്‍പ്പെടെ 18 പേരുടെ പായ്വഞ്ചികളാണു പങ്കെടുക്കുന്നത്. ഗോവയില്‍ നിര്‍മിച്ച ‘തുരിയ’ എന്ന പായ്വഞ്ചിയിലാണ് അഭിലാഷിന്റെ പ്രയാണം.

error: Content is protected !!