കോടതി ഇടപെട്ടു: സഞ്ജീവ് ഭട്ടിനെ കാണാന്‍ വക്കീലിന് അനുമതി

16 ദിവസമായി ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ വക്കീലിന് അനുമതി. പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തോടെ അദ്ദേഹത്തിന്റെ വക്കീലിന് കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയത്. ഇന്നാണ് സഞ്ജീവിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. സഞ്ജീവിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ഭാര്യ ശ്വേത ഭട്ട് അറിയിച്ചിട്ടുണ്ട്.

കോടതി ഉത്തരവിനെ തുടര്‍ന്ന് അഭിഭാഷകനെ കാണാന്‍ സഞ്ജീവിനെ അനുവദിച്ചതായി ഭാര്യ ശ്വേത ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഇനി മുതല്‍ സഞ്ജീവ്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുമെന്നും അതേസമയം 22 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവിനെ ക്രിമിനല്‍ കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നുമില്ലെന്ന് ശ്വേത പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ശ്വേത വ്യക്തമാക്കി.

1998 ല്‍ സഞ്ജീവ് ഭട്ട് സര്‍വ്വീസിലിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ ഒരാളെ കുടുക്കി എന്ന് ആരോപിച്ചാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗുജറാത്ത് സിഐഡിയാണ് സഞ്ജിവ് ഭട്ടിനെ  കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന  കേസിലാണ് നടപടി. രണ്ട് പൊലീസ് ഓഫീസര്‍മാരടക്കം ആറുപേര്‍ കൂടി അദ്ദേഹത്തിനൊപ്പം അറസ്റ്റിലായിട്ടുണ്ട്.

1997ല്‍ ഡിസിപിയായിരുന്നപ്പോള്‍ ബസ്കന്ദയില്‍ അഭിഭാഷകനെതിരെ വ്യാജ നാര്‍കോട്ടിക് കേസ് ചമച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. 2015ല്‍ ഭട്ടിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിത് നല്‍കിയ പരാതിയിലാണ് കോടതി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്. കേസില്‍ സിഐഡി പ്രത്യേക അന്വേഷണ സംഘത്തെയും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

error: Content is protected !!