ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു

പീഡനക്കേസില്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ അറസ്റ്റ് തീരുമാനിക്കുകയായിരുന്നു.  അന്വേഷണസംഘം ഇപ്പോള്‍ തുടര്‍ നടപടികള്‍ക്കായുള്ള പ്രവര്‍ത്തനത്തിലാണ്. അത്യാധുനിക ചോദ്യം ചെയ്യല്‍ മുറിയില്‍ നിന്നും ഫ്രാങ്കോയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തുടര്‍ന്ന്‌ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ  വെെക്കം മജിസ്ട്രേറ്റിന് മുന്നില്‍  ഹാജരാക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ.ജിയുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം ഉന്നതതല യോഗത്തില്‍ അറിയിച്ചിരുന്നു.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യംചെയ്യല്‍. തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യല്ലിനിടെ ബിഷപ്പ് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.

അതേസമയം അറസ്റ്റ് വിവരം പോലീസ് ഔദ്യോധികമായി അറിയിക്കട്ടെ എന്ന നിലപാടിലാണ് സമരസമിതി. റിമാന്‍ഡ് റിപ്പോര്‍ട് തയാറാക്കിയ ശേഷമാകും അറസ്റ്റ് ചെയ്ത കാര്യത്തില്‍ ഔദ്യോധിക അറിയിപ്പ് ഉണ്ടാവുകയുള്ളൂ. റിപ്പോര്‍ട് തയാറാകുന്നതോടെ എസ്.പി മാധ്യമ പ്രവര്‍ത്തകരെ കാണും. ഇതോടെ ഔദ്യോധിക അറിയിപ്പ് ഉണ്ടാകും.

You may have missed

error: Content is protected !!