ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ച് പ്രവര്‍ത്തകന്‍

പൊതു പരിപാടിക്കിടെ ബി.ജെ.പി എം.പിയുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ വീഡിയോ വൈറലായി. എംപി ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നു.

ജാര്‍ഖണ്ഡിലെ ഗോഡയില്‍ ഞായറാഴ്ച നടന്ന ബിജെ.പി പ്രചാരണ റാലിയിലാണ് സംഭവം. നിശികാന്ത് ദുബെ എന്ന ബി.ജെ.പി എംപി പ്രസംഗിച്ചു കഴിഞ്ഞ ഉടനെ പവന്‍ എന്ന പ്രവര്‍ത്തകന്‍ അടുത്തുവന്ന് എംപിയുടെ കാലു കഴുകി  വെള്ളം കുടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. സംഭവം വിവാദമായപ്പോള്‍ എം.പി വിശദീകരണവുമായി വന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കാത്തവരാണ് തനിക്കെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് എംപിയുടെ മറുപടി.

പാത്രവും കപ്പുമായി എംപിയുടെ കാലിനരികെ വന്നിരുന്ന പ്രവര്‍ത്തകന്‍ കാലുകള്‍ കഴുകിയ ശേഷം അത് കൈയിലുള്ള തുണികള്‍ കൊണ്ട് തുടച്ചു. ശേഷം, കപ്പില്‍ ശേഖരിച്ച വെള്ളം കുടിച്ചു. അന്നേരം, കൂടിയിരുന്ന പ്രവര്‍ത്തകര്‍ പവന്‍ ബായി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതിഥികളെ സ്വീകരിക്കുന്നതിന് സാധാരണ ഉപയോഗിക്കുന്ന ചടങ്ങാണിതെന്ന് എംപി പിന്നീട് സോഷ്യല്‍ മീഡിയയില്‍ എഴുതിയ പോസ്റ്റില്‍ വ്യക്തമാക്കി. മഹാഭാരതത്തില്‍ ശ്രീകൃഷ്ണനും ഇതുപോലെ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു ദിവസം ആ പ്രവര്‍ത്തകന്റെ കാലു കഴുകിയ വെള്ളം താനും കുടിക്കുമായിരിക്കുമെന്നും എംപി പറഞ്ഞു. ഈ പോസ്റ്റിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

 

error: Content is protected !!