ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന്‍ മാറ്റി വത്തിക്കാന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്‍റെ ചുമതലകളില്‍ നിന്നും നീക്കി. പകരം ചുമതല ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി. മുംബെെ അതിരൂപതയുടെ മുന്‍ സഹായ മെത്രാനാണ് ഇദ്ദേഹം. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്.

ദില്ലിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രാങ്കോ മുളയ്ക്കല്ലിന്‍റെ അഭ്യര്‍ത്ഥ പ്രകാരമാണ് ഇത്തരമൊരു ഭരണമാറ്റം വരുത്തുന്നതെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ബിഷപ്പ് കത്തു നല്‍കിയിരുന്നു.

തനിക്ക് കേരളത്തിലേക്ക് പോകണമെന്നും കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന്‍റെ ചുമതലകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കണം എന്നും ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അദ്ദേഹത്തിന്‍റെ അറസ്റ്റ് ഉടനെയുണ്ടായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റിയത്.

കേരളത്തിലുണ്ടാവുന്ന സംഭവവികാസങ്ങള്‍ വത്തിക്കാന്‍ സൂഷ്മമായി നിരീക്ഷിക്കുന്നതിന്‍റെ തെളിവായാണ് പലരും ബിഷപ്പിന്‍റെ സ്ഥാനചലനത്തെ വിലയിരുത്തുന്നത്. ജലന്ധര്‍ ബിഷപ്പിന് ചുമതലകളില്‍ നിന്നും മാറ്റിയേക്കുമെന്ന സൂചന നേരത്തെ തന്നെ മുംബൈ അതിരൂപത വൃത്തങ്ങള്‍ നല്‍കിയിരുന്നു.

error: Content is protected !!