അഴീക്കൽ തുറമുഖത്ത് കപ്പലെത്തി

കണ്ണൂര്‍ :  അഴീക്കൽ സിൽക്കിലെത്തിക്കാനുള്ള ഡീ കമീഷൻ ചെയ്ത കപ്പലുമായി  അഴീക്കൽ തുറമുഖത്ത് കപ്പലെത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡീ കമീഷൻ ചെയ്ത ഐസിജിഎസ് കനകാലത ബറുവ എന്ന കപ്പൽ കെട്ടി വലിച്ച്‌ ‘ശിവ’ എന്ന കപ്പലാണ്‌ ബുധനാഴ്‌ച തുറമുഖത്തെത്തിയത്‌. ക്യാപ്റ്റൻ ശിവകുമാർ  കൃഷ്ണ മൂർത്തിയുടെ നേതൃത്വത്തിൽ അഴീക്കൽ തുറമുഖത്തെത്തിയ ആദ്യ കപ്പലിന് തുറമുഖ ഓഫീസിൽനിന്ന‌് എൻട്രി സർട്ടിഫിക്കറ്റ് അനുവദിച്ചു. മൺസൂൺ കഴിഞ്ഞ്‌ സെപ്‌തംബർ 15 മുതലാണ്‌ പുതിയ കപ്പൽ സീസൺ ആരംഭിക്കുക.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡീ കമീഷൻ ചെയ്ത കപ്പൽ പൊളിച്ചുനീക്കുന്നതിനാണ‌്   അഴീക്കൽ സിൽക്കിലെത്തിച്ചത്. കപ്പൽ പൊളിക്കുന്നതിന് ആധുനിക രീതിയിലുള്ള കോൺക്രീറ്റ് ബെഡുകൾ, ക്രെയിനുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ സിൽക്കിൽ സജ്ജമാക്കിയിട്ടുണ്ട്. മലിനീകരണമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തുറമുഖ വകുപ്പിന്റെയും അനുമതിയോടെ വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണ് സിൽക്കിൽ കപ്പൽ പൊളിക്കുന്നത്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഇരുമ്പുരുക്ക് വ്യവസായ  ശൃംഖലയായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക് ) മുൻ വർഷത്തേക്കാൾ 60 ശതമാനം വളർച്ചയോടെ മുന്നേറിക്കൊണ്ടിരിക്കെയാണ് അഴീക്കലിൽ വീണ്ടും കപ്പലെത്തിയത്.

 

error: Content is protected !!