ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. വൈകിട്ട് 5 മണിക്കാണ് മത്സരം. ഇന്ത്യ ഇതിനോടകം ഫൈനലിലെത്തിയിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു. എല്ലാ മത്സരങ്ങളും ജയിച്ചതിനാല്‍ ഇന്ത്യ ഇന്ന് പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.നാളെ പാകിസ്ഥാൻ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. 28നാണ് ഫൈനൽ.

സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളിലും പൊരുതിക്കളിച്ചാണ് അഫ്ഗാൻ കീഴടങ്ങിയത്. ആദ്യ റൗണ്ടിൽ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും അഫ്ഗാൻ തോൽപ്പിച്ചിരുന്നു. സൂപ്പർ ഫോറിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും അതിനൊത്ത ഫലം അഫ്ഗാന് കിട്ടിയില്ല. ബംഗ്ലാദേശിനോട് മൂന്ന് റണ്ണിനാണ് തോറ്റത്. ഇന്ന് ഇന്ത്യയുമായി കളിക്കുമ്പോൾ ഉശിരോടെ പൊരുതാനായിരിക്കും അഫ്ഗാന്റെ ശ്രമം.ടൂർണമെന്റിലെ മികച്ച സംഘമാണ് ഇന്ത്യയുടേത്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചു. കരുത്തരായ പാകിസ്ഥാനെ ആദ്യ റൗണ്ടിലും സൂപ്പർ ഫോറിലും ആധികാരികമായി കീഴടക്കി.

അച്ചടക്കമുള്ള ബൗളിങ്നിരയും അപാര ഫോമിലുള്ള ബാറ്റിങ്നിരയുമാണ് ഇന്ത്യയുടെ കരുത്ത്. അഫ്ഗാനെതിരെ കളിക്കുമ്പോൾ ചില കളിക്കാർക്ക് വിശ്രമം നൽകാനാണ് സാധ്യത.പാകിസ്ഥാനെതിരെ ശിഖർ ധവാന്റെയും (100 പന്തിൽ 114) രോഹിത് ശർമയുടെയും (119 പന്തിൽ 111) സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ ജയം നേടിയത്. 63 പന്ത് ബാക്കിനിൽക്കെ പാകിസ്ഥാൻ ഉയർത്തിയ 238 റൺ ലക്ഷ്യത്തിലെത്തി. ടൂർണമെന്റിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരാണ് ധവാനും രോഹിതും. ധവാൻ നാല് കളിയിൽ രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 327 റണ്ണെടുത്തു. രോഹിത് 269ഉം. അഫ്ഗാന്റെ ഹസ്മത്തുള്ള ഷഹീദിയാണ് പട്ടികയിൽ മൂന്നാമത്. ഷഹീദി 263 റൺനേടി.

ബൗളർമാരിൽ അഫ്ഗാന്റെ സൂപ്പർ താരം റഷീദ് ഖാൻ എട്ട് വിക്കറ്റുമായി മുന്നിൽ നിൽക്കുന്നു. ഏഴ് വിക്കറ്റുള്ള മുജീബ് ഉർ റഹ്മാൻ രണ്ടാമതുണ്ട്. ഇത്രതന്നെ വിക്കറ്റുമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് മൂന്നാമത്.

ബുമ്രയ്ക്ക് ഇന്ന് വിശ്രമം അനുവദിച്ചേക്കും. അങ്ങനെയാണെങ്കിൽ ഖലീൽ അഹമ്മദായിരിക്കും പേസ് നിരയിൽ ഭുവനേശ്വർ കുമാറിന് കൂട്ട്. മൂന്ന് സ്പിന്നർമാരെ നിലനിർത്താനും സാധ്യതയുണ്ട്. പാകിസ്ഥാനെതിരെ തിളങ്ങിയില്ലെങ്കിലും രവീന്ദ്ര ജഡേജ തുടർന്നേക്കും.
ബാറ്റ്സ്മാൻമാരിൽ ലോകേഷ് രാഹുലിനും മനീഷ് പാണ്ഡെയ്ക്കും അവസരം കിട്ടാനാണ് സാധ്യത. ഇരുവരുമെത്തിയാൽ ദിനേശ് കാർത്തികും അമ്പാട്ടി റായുഡുവും പുറത്തിരിക്കും.

 

error: Content is protected !!