പ്രതിപക്ഷമുന്നണിയില്‍ ഉണ്ടാകില്ല; അരവിന്ദ് കെജ്‌രിവാള്‍

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമുന്നണിയില്‍ ഉണ്ടാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവന്ദ് കെജ്‌രിവാള്‍. രാജ്യത്തെ വികസനകാര്യങ്ങളില്‍ പ്രത്യേകിച്ച ഒരു പങ്കും വഹിച്ചിട്ടില്ലാത്ത പാര്‍ട്ടികളാണ് പ്രതിപക്ഷ ഐക്യമുന്നണിയിലുള്ളത്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും ഹരിയാനയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യനിരയോടൊപ്പം സഹകരിച്ചിരുന്ന കെജ്‌രിവാളിന്റെ പുതിയ പ്രഖ്യാപനം രാഷ്ട്രീയ തന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മോദി സര്‍ക്കാരിനെ എത് വിധേനയും താഴെയിറക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ ഐക്യമെങ്കിലും ആം ആദ്മി പാര്‍ട്ടി സഖ്യത്തില്‍ ചേരുന്നതോടെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇതും എന്ന ചിന്താഗതി പൊതുസമൂഹത്തിനുണ്ടായേക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്.

ദല്‍ഹിയില്‍ ആപ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മോദി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓരോ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിദ്യഭ്യാസമേഖലയിലും ആരോഗ്യരംഗത്തും വിപ്ലവകരമായ കാര്യങ്ങളാണ് ദല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഹരിയാന വികസന കാര്യത്തില്‍ വളരെ പിന്നിലാണെന്നും ഇക്കാര്യത്തില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ ദല്‍ഹി സര്‍ക്കാരിനെ കണ്ടുപഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പൂര്‍ണ്ണസംസ്ഥാന പദവി ഇല്ലാതെയാണ് ദല്‍ഹിയുടെ ഈ നേട്ടങ്ങളെന്നും കെജ്‌രിവാള്‍ പറഞ്ഞു.

error: Content is protected !!