ഷട്ടര്‍ ഉയര്‍ത്തിയിട്ടും കുറയാതെ ജലനിരപ്പ്; കൂടുതല്‍ അളവില്‍ വെള്ളം പുറത്തേക്ക് വിട്ടേക്കും

ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. രാവിലെ പത്തുമണിക്കുള്ള റീഡിങ് അനുസരിച്ച് 2401.34 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറയുന്നു. നിലവിൽ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു.

ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളവും പുറത്തേക്ക് പോകുന്ന വെള്ളവും തമ്മില്‍ ഏതാണ്ട് രണ്ട് ലക്ഷം ലിറ്ററിന്റെ അന്തരമുണ്ടെന്നാണ്. ഇപ്പോള്‍ തുറന്നു വെച്ചിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയാലെ ഈ അന്തരം നീക്കാന്‍ സാധിക്കു എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ മൂന്ന് ഷട്ടറുകളില്‍ നിന്നായി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത്. വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് ഏതാണ്ട് 1.16 ലക്ഷം ലിറ്റര്‍ വെള്ളമാണ്.

ഇന്ന് രാവിലെ ഡാം സേഫ്റ്റി അഥോറിറ്റി അധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരുമെന്ന നിഗമനത്തില്‍ എത്തിയത്. ഏതാണ്ട് 11 മണിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ വെള്ളം ഒഴുകി പോകുന്ന ഇടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി ടൗണില്‍ ചെറിയ തോതില്‍ വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി പാലത്തിനോട് ചേര്‍ന്നുള്ള ബസ് സ്റ്റാന്‍ഡും മറ്റും ഒഴിപ്പിച്ചു. കടകള്‍ അടപ്പിക്കുകയും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു.

വെള്ളം ഒഴുകി പോകേണ്ട സ്ഥലങ്ങളില്‍ തടസ്സമായി നിലനില്‍ക്കുന്ന മരങ്ങളും മറ്റും പൊലീസും ദ്രുതകര്‍മ്മ സേനയും ചേര്‍ന്ന് മുറിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണാല്‍ വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന് മുന്‍കൂട്ടി കണ്ടാണ് മരങ്ങള്‍ മുറിച്ച് മാറ്റിയിരിക്കുന്നത്.

പെരിയാറിലും മറ്റും ജലനിരപ്പ് ഇപ്പോള്‍ ക്രമാധീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആലുവയിലും മറ്റും വെള്ളപ്പൊക്കം അതിരൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍.

error: Content is protected !!